ഫ്ലാഗ് ഓഫ് കഴിഞ്ഞിട്ടും നിരത്തിലിറങ്ങാതെ എംവിഡിയുടെ പുതിയ വാഹനങ്ങൾ. ഓഫീസുകൾക്ക് അനുവദിച്ച വാഹനങ്ങളുടെ പട്ടികയിൽ ഗതാഗതമന്ത്രിയുടെ ഓഫീസ് മാറ്റം നിർദേശിച്ചതാണ് കാരണം. ഇന്നലെ 52 പുതിയ വാഹനങ്ങളാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
തിരുവനന്തപുരം: ആഘോഷമായി ഫ്ലാഗ് ഓഫ് കഴിഞ്ഞിട്ടും നിരത്തിലിറങ്ങാതെ എംവിഡിയുടെ പുതിയ വാഹനങ്ങൾ. ഓഫീസുകൾക്ക് അനുവദിച്ച വാഹനങ്ങളുടെ പട്ടികയിൽ ഗതാഗതമന്ത്രിയുടെ ഓഫീസ് മാറ്റം നിർദേശിച്ചതാണ് കാരണം. ഇന്നലെ 52 പുതിയ വാഹനങ്ങളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. രണ്ടുതവണയാണ് എംവിഡിയുടെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായുള്ള പരിപാടി നടന്നത്. എന്നിട്ടും പുതിയ വാഹനങ്ങൾ ഇതുവരെയും നിരത്തിലിറങ്ങിയിട്ടില്ല.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ആർടിഓ, എൻഫോഴ്സ്മെന്റ് ഓഫീസുകൾക്കായി അനുവദിച്ച വാഹനങ്ങളാണ് ഇതുവരെയും നിരത്തിലിറങ്ങാൻ കഴിയാതെ കിടക്കുന്നത്. എൻഫോഴ്സ്മെന്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ആണ് പുതിയ വാഹനങ്ങളെല്ലാം നിരത്തിലിറക്കുന്നതെന്നാണ് ഗതാഗത മന്ത്രി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ ഏതൊക്കെ ഓഫീസുകളിലേക്കാണ് ഈ വാഹനങ്ങൾ അനുവദിച്ചതെന്നും തിരുവനന്തപുരത്തെത്തി വാഹനങ്ങൾ കൈപ്പറ്റണമെന്നും അറിയിപ്പ് എല്ലാ ഓഫീസുകൾക്കും അയച്ചിരുന്നു. പക്ഷേ ആ പട്ടികയിൽ മാറ്റം വരുമെന്നാണ് മന്ത്രിയുടെ ഓഫീസ് നിലവിൽ അറിയിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങൾ ഇപ്പോഴും വിട്ടുകൊടുക്കാത്തത്. പുതിയ പട്ടിക ഇറങ്ങിയാൽ മാത്രമേ അതത് ഓഫീസുകൾക്ക് വാഹനം കൈമാറുകയുള്ളു. പല എൻഫോഴ്സ്മെന്റ് ഓഫീസുകളിലെയും വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി തീരാനിരിക്കുകയാണ്. ചിലയിടത്ത് ചില മാറ്റങ്ങൾ വരുത്തി വാഹനങ്ങൾ അനുവദിക്കേണ്ടതായുമുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
സെപ്റ്റംബർ 29ന് കനകക്കുന്നിൽ എംവിഡി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്താൻ നിശ്ചയിച്ചിരുന്നു. ആള് കുറഞ്ഞതിലും സംഘാടനപ്പിഴവിലും ദേഷ്യപ്പെട്ട് മന്ത്രി അന്ന് പരിപാടി റദ്ദാക്കി. അന്ന് സ്ഥലത്തെത്തി വാഹനങ്ങൾ കൈപ്പറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ടായിരുന്നു. കാസർകോട് മുതലുളള ആർടിഓ ഓഫീസുകളിൽ നിന്ന് ഡ്രൈവറും ഒരു ഉദ്യോഗസ്ഥനും വണ്ടിയെടുക്കാൻ എത്തി. പരിപാടി റദ്ദായപ്പോൾ തിരികെപ്പോയി. ശേഷം ഇന്നലെ പേരൂർക്കട കെഎസ്ആർടിസി ഡിപ്പോയിൽ ആണ് ആഘോഷച്ചടങ്ങ് നടന്നത്. വണ്ടികൾ കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ വീണ്ടുമെത്തി. പക്ഷേ ഓഫീസുകൾക്ക് അനുവദിച്ച പട്ടികയിൽ മാറ്റം വരുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഫിറ്റ്നസ് തീരാറായ വണ്ടികൾ ചില ഓഫീസുകളിലുണ്ടെന്നും അങ്ങോട്ട് പുതിയവ അനുവദിക്കേണ്ടതുണ്ടെന്നുമാണ് വാദം. വാഹനങ്ങളിപ്പോഴും പേരൂർക്കടയിലെ എസ്എപി ക്യാമ്പിൽ ആണ് ഉള്ളത്.



