സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചിറ്റാർ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചിറ്റാർ സ്വദേശിയായ സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. സന്ദീപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ 35 കാരനായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചിറ്റാർ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചിറ്റാർ സ്വദേശിയായ സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. സന്ദീപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോകുകയാണെന്ന് അറിയിച്ചാണ് സന്ദീപ് വീട്ടിൽ നിന്ന് പുറത്തുപോയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് ദുരൂഹ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഗുരുതര ആരോപണവുമായി സന്ദീപിന്റെ പിതാവ് സദാനന്ദനും രംഗത്തെത്തിയിരുന്നു. യുവതിയുടെ ബന്ധുക്കൾ മകനെ മർദിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലടക്കമുള്ള വിവിധ സാഹചര്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, വിവാഹിതയായ യുവതി സംഭവത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. സന്ദീപിന്റെ മരണം കൊലപാതകമാണോയെന്ന കാര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് അറിയിച്ചു. ഇതിനകം തന്നെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലങ്ങളും ലഭിക്കുന്നതോടെ മരണത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.



