പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര സ്വദേശി ജിജോ (ജോൺ, 53)യുടെ തലയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊച്ചി: പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര സ്വദേശി ജിജോ (ജോൺ, 53)യുടെ തലയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലച്ചോറിൽ അമിത രക്തസ്രാവം ഉണ്ടായിരുന്നുവെന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയത്തിൽ കുന്നത്ത്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി സുഹൃത്തുക്കളായ രണ്ട് പേർക്ക് ഒപ്പം രാത്രി റബർ തോട്ടത്തിൽ മദ്യപിക്കാനെത്തിയ ജിജോയെ വെള്ളിയാഴ്ച രാവിലെ 8.30ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായ ജിജോയെ തോട്ടത്തിന് സമീപമുള്ള ടാർപോളിൻ കെട്ടിയ സ്ഥലത്ത് കിടത്തിയ ശേഷം സുഹൃത്തുക്കൾ വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്നാണ് പൊലീസിനോട് ഇരുവരും പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തോട്ടത്തിലേക്ക് പോകുവഴി ജിജോയുടെ ബൈക്ക് മറിഞ്ഞിരുന്നതായും ഇവരിലൊരാൾ മൊഴി നല്കി. അതേസമയം മൂവരും ഒന്നിച്ചല്ല തോട്ടത്തിലേക്കെത്തിയതെന്ന് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി. ഇതോടെ ജിജോയുടെ പരിക്ക് എങ്ങനെ സംഭവിച്ചതെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. രാത്രി ജിജോ വീട്ടിലെത്താതെ വന്നതോടെ ഇരുവരെയും വിളിച്ച് ജിജോയുടെ ഭാര്യ വിവരം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ജിജോയ്‌ക്കൊപ്പം ഉണ്ടായിരുന്നവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.