താമരശ്ശേരിയില്‍ വിമുക്തഭടന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി മകള്‍

കോഴിക്കോട്: താമരശ്ശേരിയില്‍ വിമുക്തഭടന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി മകള്‍. കോഴിക്കോട് താമരശ്ശേരി സ്വദേശി കാരാടിപ്പറമ്പത്ത് ഗോപാലന്‍(74) ആണ് മരിച്ചത്. തന്‍റെ ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിച്ചതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് അച്ഛന്‍ മരിച്ചതെന്ന് കാണിച്ച് മകള്‍ ദിവ്യയാണ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മരണത്തിന് ഏതാനും മിനുറ്റുകള്‍ മുന്‍പ് ദിവ്യയുടെ സ്ഥാപനത്തിന് മുന്നില്‍ വെച്ച് ഭര്‍ത്താവ് വിനീഷ് ഗോപാലനെ പിടിച്ച് പുറത്താക്കുകയും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിലുള്ള മനോവിഷമം സുഹൃത്തിനോട് പങ്കുവെക്കാന്‍ പോകുന്ന വഴിയിലാണ് അച്ഛന്‍ റോഡരികില്‍ കുഴഞ്ഞുവീണതെന്നും ദിവ്യ പറയുന്നു.

വിനീഷ് നിരന്തരം പ്രശ്‌നം ഉണ്ടാക്കുന്ന ആളാണെന്നും കഴിഞ്ഞ ദിവസം രാത്രിയിലും താന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കും മക്കള്‍ക്കും നേരെയുണ്ടാവുന്ന നിരന്തരമായ പീഡനം അച്ഛനെ മനോവിഷമത്തിലാക്കിയിരുന്നു. തങ്ങളെ അച്ഛന്‍ സഹായിക്കുന്നതിലുള്ള വിരോധമാണ് വിനീഷിനെ അച്ഛനു നേരെ തിരിയാന്‍ ഇടയാക്കിയതെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. കുഴഞ്ഞു വീണ ഉടനെ ഗോപാലനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ശാന്ത. ധന്യയാണ് മറ്റൊരു മകള്‍. മരുമകന്‍: വിവേക്.

YouTube video player