ദില്ലി: മാധ്യമ വിലക്ക് പാര്‍ലമെന്‍റിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. നാളെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് തീരുമാനം. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണിനും കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. അപകടകരമായ പ്രവണതയുടെ തുടക്കമെന്ന നിലയിലാണ് സംഭവത്തെ കാണുന്നത്. കേന്ദ്ര നടപടി നൂറ് ശതമാനം ജനാധിപത്യ വിരുദ്ധമാണെന്നും എൻകെ പ്രേമചന്ദ്രൻ പറ‍ഞ്ഞു. 

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കേട്ട് കേൾവിയില്ലാത്ത നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അടിയന്തരാവസ്ഥക്കെതിരെ പൊരുതിയ പാര്‍ട്ടിയെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാൽ രണ്ട് ചാനലുകൾക്ക് സ്വാഭാവികമായ നീതി പോലും അനുവദിക്കാതെയാണ് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാദം ശക്തമായി ഉയര്‍ത്തിക്കൊണ്ട് വന്ന് ബിജെപിക്കെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം

തെറ്റായ വാര്‍ത്തയുണ്ടെന്നോ വ്യാജ വാര്‍ത്തയുണ്ടെന്നോ നോട്ടീസിൽ പറയുന്നില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണം തേടാനും പ്രതിപക്ഷത്തിന് പദ്ധതിയുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും സംപ്രേക്ഷണം വിലക്കി നല്കിയനോട്ടീസ് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം
ആരോപിക്കുന്നു. ഹോളി അവധിക്കു ശേഷം നാളെ വീണ്ടും ഇരുസഭകളും സമ്മേളിക്കുമ്പോൾ ഈ വിഷയത്തിലുള്ള പ്രതിഷേധം അറിയിക്കും. ശൂന്യവേളയിൽ ഉന്നയിക്കാനായാൽ വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രതികരണം
ആവശ്യപ്പെടും. 

തെറ്റായ വാർത്തയോ വ്യാജ വാർത്തയോ ഏഷ്യാനെറ്റ് ന്യൂസ് നല്കിയതായി നോട്ടീസിൽ ഒരിടത്തും പറയുന്നില്ല. ഈ സാഹചര്യത്തിൽ ഏറ്റവും വലിയ നടപടിയിലേക്ക് പോകാനുള്ള കാരണമെന്തെന്ന വിശദീകരണം സർക്കാരിനോട് പ്രതിപക്ഷം തേടും. രാജ്യസഭയിലും വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പി ചിദംബരം ഉൾപ്പടെയുള്ള നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിന് വിലക്കേർപ്പെടുത്തിയതിൻറെ വിശദാംശങ്ങൾ തേടിയിരുന്നു.