കൊച്ചി: ഒരു മാസം പ്രായമേയുളളൂ കുഞ്ഞുകപ്പിക്കും മഞ്ഞിമയ്ക്കും. കണ്ണ് തുറന്ന് പതിയെ ഓടിക്കളിക്കാൻ തുടങ്ങുന്നതേയുള്ളൂ ഇവർ. പേര് കേൾക്കുമ്പോൾ ഇവരൊക്കെ ആരാ എന്നൊരു ചോദ്യം വരും. മരട് സ്വദേശിയായ പ്രകാശ് ഓമനിച്ചു വളർത്തുന്ന പൂച്ചക്കുഞ്ഞുങ്ങളാണ് ഇവർ. മൂക്കിയും കപ്പിയും കുഞ്ഞുകപ്പിയും മഞ്ഞിമയും. ഇവർ അഞ്ചുപേരാണ്. മൂന്ന് വലിയ പൂച്ചകളും രണ്ട് കുഞ്ഞുങ്ങളും. വലിയ പൂച്ചകളിലെ മൂന്നാമന് പേരിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവരും ഉടമയായ എൻ പ്രകാശുമായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഹൈക്കോടതി ഇടപെട്ടാണ് ഇവരുടെ പ്രശ്നം പരിഹരിച്ചത്. സംഭവം ഇങ്ങനെയൊക്കെയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രകാശ് പറഞ്ഞു തുടങ്ങുന്നു.

ബിസ്കറ്റ് തീർന്നു പോയി

'വീട്ടിലെ അം​ഗങ്ങളെപ്പോലെയാണ് ഞങ്ങളവരെ വളർത്തുന്നത്. രണ്ടുനിലയുള്ള വീടിന്റെ മുകളിലത്തെ നില തന്നെ അവർക്ക് വേണ്ടി വിട്ടുകൊടുത്തിരിക്കുകയാണ്. അവർക്ക് കൊടുക്കുന്ന ഭക്ഷണത്തിലും വ്യത്യസ്തതയുണ്ട്. സാദാ നാടൻ പൂച്ചകളാണെങ്കിലും മ്യൂ പേർഷ്യൻ ബിസ്കറ്റാണ് ഇവരുടെ ഭക്ഷണം. വീട്ടിൽ എല്ലാവരും സസ്യാഹാരികളാണ്. സാമ്പാറും രസവും തൈരും പൂച്ച കഴിക്കില്ലല്ലോ? ഒരു കിലോ മ്യൂ പേർഷ്യൻ ബിസ്കറ്റ് വാങ്ങിയാൽ ഏകദേശം മൂന്നാഴ്ച വരെ കൊടുക്കാം. പക്ഷേ കഴിഞ്ഞ തിങ്കളാഴ്ച ഇവരുടെ ബിസ്കറ്റ് തീർന്നു. സാധാരണ വാങ്ങിക്കുന്ന കടയിൽ തിരക്കിയപ്പോൾ സ്റ്റോക്കില്ലെന്ന് അറിയിച്ചു. കടവന്ത്രയിലെ പെറ്റ് ഹോസ്പിറ്റലിൽ ബിസ്കറ്റുണ്ട്. പക്ഷേ ലോക്ക് ഡൗണായത് കൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യാൻ സാധിക്കില്ല. ഇവിടെ നിന്ന് ഏഴ് കിലോമീറ്ററോളമുണ്ട് കടവന്ത്രയ്ക്ക്.' പ്രകാശ് പറയുന്നു.

അനുമതി ലഭിച്ചതിങ്ങനെ

ലോക്ക് ഡൗണാണെന്ന് കരുതി പൂച്ചകളെ പട്ടിണിക്കിടാൻ പറ്റില്ലല്ലോ. അതുകൊണ്ട് പൊലീസിനോട് അനുമതി ചോദിച്ച് ഓൺലൈനായി അപേക്ഷ നൽകി. എന്നാൽ ആദ്യ അപേക്ഷ തള്ളിക്കളഞ്ഞു. രണ്ടാമതും അപേക്ഷ നൽകിയെങ്കിലും അതും നിഷേധിക്കുകയാണുണ്ടായത്. അങ്ങനെയാണ് ഹൈകോടതിയെ സമീപിക്കാമെന്ന് പ്രകാശ് തീരുമാനിക്കുന്നത്. 'കോടതിയെ സമീപിക്കുമ്പോൾ ആദ്യം ടെൻഷനുണ്ടായിരുന്നു. എങ്ങനെയായിരിക്കും കേസിനോട് പ്രതികരിക്കുക എന്ന്. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരായിരുന്നു കേസ് പരി​ഗണിച്ചത്. വക്കീലൊന്നും ഇല്ലായിരുന്നു. വീഡിയോ കോൺഫറൻസ് വഴി കേസ് ഞാൻ തന്നെയാണ് വാദിച്ചത്. എനിക്ക് പറയാനുള്ളത് പറഞ്ഞു. മറ്റ് ആഹാരങ്ങളൊന്നും പൂച്ച കഴിക്കില്ലേയെന്ന് ജ‍‍‌‍ഡ്ജി ചോദിച്ചിരുന്നു. സസ്യാഹാരികളാണെന്ന് കോടതിയോട് പറഞ്ഞു. പ്രത്യേക അനുമതിയൊന്നും വേണ്ട, കോടതി ഉത്തരവിന്റെ പകർപ്പ് ഉൾപ്പെടെ ഡിക്ലറേഷൻ മതിയെന്നായിരുന്നു കോടതിയുടെ മറുപടി. അനുമതി ലഭിച്ച് അപ്പോൾത്തന്നെ പോയി പൂച്ചകൾക്ക് രണ്ട് മാസത്തെ ഭക്ഷണം വാങ്ങി വന്നു' അനുമതി ലഭിച്ച വഴികളെക്കുറിച്ച് പ്രകാശ് പറഞ്ഞു നിർത്തി.

പൂച്ച വന്ന വഴി

ഒരിക്കൽ സ്കൂളിൽ നിന്ന് തിരികെ വരുമ്പോൾ എട്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന മകൻ ബാ​ഗിലിട്ട് രണ്ട് പൂച്ചകളെ കൊണ്ടു വന്നു. രണ്ടാഴ്ച പ്രായമേ ഉള്ളൂ. എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോൾ വഴിയിൽ നിന്ന് കിട്ടിയെന്ന് മറുപടി. അങ്ങനെ എട്ടുവർഷം മുമ്പാണ് ആദ്യമായി വീട്ടിൽ പൂച്ചകളെത്തുന്നതെന്ന് പ്രകാശ് പറയുന്നു. ആശുപത്രിയിൽ കൊണ്ടുപോയി പൂച്ചയ്ക്ക് കൊടുക്കുന്ന പ്രത്യേകം ഭക്ഷണം കൊടുത്താണ് അവയെ രക്ഷിച്ചെടുത്തത്. പിന്നീടങ്ങോട്ട് ധാരാളം പൂച്ചകൾ ഉള്ള വീടായി മാറി. ചിലതെല്ലാം ചത്തുപോയി. പൂച്ചക്കുഞ്ഞുങ്ങളുണ്ടായപ്പോൾ വളർത്താൻ താത്പര്യമുള്ളവർക്ക് കൊടുത്തു. ഇപ്പോൾ ഇവർ അഞ്ചുപേർ മാത്രമേയുള്ളൂ. മൂക്കിയും കപ്പിയും കുഞ്ഞുകപ്പിയും മഞ്ഞിമയും പിന്നെ പേരിടാത്തൊരു പൂച്ചയും. 

പേരിലുമുണ്ട് വ്യത്യസ്തത

മൂക്കിലെ രോമം മുഴുവൻ പൊഴിഞ്ഞു പോയതുകൊണ്ടാണ് ഒരാൾക്ക് മൂക്കിയെന്ന് പേരിട്ടു. പിന്നെയുള്ളത് കപ്പി. കറുപ്പ് നിറമുള്ളത് കൊണ്ടാണ് കപ്പി എന്ന് വിളിച്ചത്. മൂന്നാമത്തെയാൾക്ക് പേരൊന്നുമില്ല. കപ്പിയ്ക്കൊരു കുഞ്ഞുണ്ടായപ്പോൾ അത് കുഞ്ഞുകപ്പിയായി. പിന്നെ ലേശം ഫാഷൻ പേരായിക്കോട്ടെന്ന് കരുതി മഞ്ജിമ എന്ന് പേരിട്ടു. വിളിച്ച് മഞ്ഞിമയായി. എന്തായാലും കോടതി ഇടപെട്ടാണ് തങ്ങളുടെ ഭക്ഷണ പ്രതിസന്ധി പരിഹരിച്ചതെന്ന് ഇവർ അറിഞ്ഞിരിക്കുമോ? എല്ലാവരോടും വീട്ടിലിരിക്കാൻ പറയുന്ന ലോക്ക് ഡൗൺ കാലത്ത് താൻ ഓമനിച്ച് വളർത്തുന്ന പൂച്ചകൾക്ക് വേണ്ടി കോടതി കയറാൻ തയ്യാറായ പ്രകാശാണ് ഇപ്പോൾ എല്ലായിടത്തും താരം.