സർക്കാരിനെ വിമർശിച്ചെന്ന പേരിലുള്ള പുതിയ സസ്പെൻഷൻ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എൻ പ്രശാന്ത് ഐഎഎസ്. നീതി ലഭിക്കാൻ സർക്കാർ മാറണമെന്നത് മോശമാണെന്നും, സർക്കാരിൽ ലോബിയും കോക്കസുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോടതിയിൽ പോയി തിരികെ സർക്കാരിനെ സേവിക്കാൻ താൽപര്യമില്ലെന്നും പ്രശാന്ത് വ്യക്തമാക്കി

കൊച്ചി: സർക്കാരിനെ വിമർശിച്ചെന്ന പേരിലുള്ള പുതിയ സസ്പെൻഷൻ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എൻ പ്രശാന്ത് ഐ എ എസ്. നീതി ലഭിക്കണമെങ്കിൽ സർക്കാർ മാറണം എന്നത് മോശമാണെന്നാണ് പ്രശാന്ത് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ തവണത്തെ സസ്പെൻഷന് പിന്നിൽ പരാതിയില്ലായിരുന്നു. ജയതിലകിന്റെ വിഷമം പരിഹരിക്കാനായിരുന്നു ആദ്യ നടപടി. ഇപ്പോഴത്തെതിന് വഴിയിൽ പോകുന്ന ആരുടെയോ പരാതിയുണ്ട്. നിയമപരമായി നിലനിൽക്കില്ല. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. മുകളിൽ നിന്നുള്ളവരുടെ നിർദേശം എഴുതാനല്ല റിവ്യൂ കമ്മറ്റി ഉള്ളത്. അങ്ങനെ എങ്കിൽ അവർ ആ പണിക്ക് യോഗ്യരല്ല. കഴിഞ്ഞ സസ്പെൻഷനിൽ തന്നെ ഹിയറിങ്ങ് നടത്താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഒന്നരവർഷമായി പരിഗണിച്ചിട്ടില്ല. പക്ഷെ നടപടികൾ വരുന്നുണ്ട്. കോടതിയിൽ പോയി തിരിച്ചു സർക്കാരിനെ സേവിക്കാൻ താൽപര്യമില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

സർക്കാരിൽ ലോബിയും കോക്കസും ഉണ്ട്

ഇത് ഒരു ജോലിയായാണ് ഞാൻ കാണുന്നത്. സർക്കാർ സംവിധാനത്തിൽ പല താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഇടപെടലുകൾ ഉണ്ട്. എസ് സി -എസ് ടി വകുപ്പിൽ കോടിക്കണക്കിനു രൂപയുടെ ഫയലുകൾ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. താൻ പരിഗണിച്ചിരുന്ന ഫയൽ വെബ്സൈറ്റിൽ കൃത്രിമം നടത്തി പിൻവലിച്ചെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. സർക്കാരിൽ തീർച്ചയായും ലോബിയുണ്ട്, കോക്കസും ഉണ്ടെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടു. ഒന്നര വർഷമായി വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലായിരുന്ന പ്രശാന്തിനെതിരെ ഇന്നലെ രാത്രിയിലാണ് പുതിയ സസ്പെൻഷൻ ലഭിച്ചത്. സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പുതിയ സസ്പെൻഷൻ. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് 8 -ാമത്തെ തവണ നടപടി ആരംഭിച്ചത്. നേരത്തെ ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് എൻ പ്രശാന്തി‍നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്​ ചൂണ്ടിക്കാട്ടി 2024​ നവംബര്‍ 11 നാണ്​ സസ്പെന്‍ഡ് ചെയ്തത്.