Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നളിനി നെറ്റോ ഒഴിയുന്നു

മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് സൂചന. എന്നാൽ തെരഞ്ഞടുപ്പ് കഴിയുന്നതുവഴി തുടരാൻ നളിനി നെറ്റോയോട് മുഖ്യമന്ത്രി  ആവശ്യപ്പെട്ടിട്ടുണ്ട്. 

nalini netto ias leaving her principal secretary post in cmo
Author
Thiruvananthapuram, First Published Mar 12, 2019, 11:46 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവി നളിനി നെറ്റോ ഒഴിയുന്നതായി സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണം. എന്നാൽ തെരഞ്ഞടുപ്പ് കഴിയുന്നതുവഴി തുടരാൻ നളിനി നെറ്റോയോട് മുഖ്യമന്ത്രി  ആവശ്യപ്പെട്ടിട്ടുണ്ട്. 

പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്റെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. 

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ലാവ്ലിൻ കേസിൽ പിണറായി വിജയനെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തെ എതിർത്തതോടെയാണ് സിപിഎമ്മുമായുള്ള നളിനി നെറ്റോയുടെ അടുപ്പം കൂടുന്നത്. അഭ്യന്തര സെക്രട്ടറി സ്ഥാനത്തും സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 

ആദ്യംകാലങ്ങളിൽ പ്രധാനപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്ത നളിനി നെറ്റോയക്ക് പക്ഷെ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പിടി അയഞ്ഞു തുടങ്ങി. ഓഫീസിലെ  ചില ഉന്നതരുമായുള്ള ശീതയുദ്ധമായിരുന്നു കാരണം. ഇതോടെ  ഫയലുകള്‍ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ തർക്കങ്ങൾ പലപ്പോഴും പരിഹരിച്ചടിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം.വി.ജയജയരാജനായിരുന്നു.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ആളില്ലാതെയായി. ഇതോടെയാണ് സിഎംഒയിൽ (ചീഫ് മിനിസ്റ്റർ ഓഫീസ്) നിന്നും പടിയിറങ്ങാൻ നളിനി നെറ്റോയും തീരുമാനിച്ചത്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് രാജിതീരുമാനം അറിയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പദവിയിൽ തുടരാൻ നിർദേശിച്ചുവെന്നാണ് അറിയുന്നത്. അതേസമയം വാർത്തയോട് പ്രതികരിക്കാൻ നളിനി നെറ്റോ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവം നിഷേധിക്കുകയും ചെയ്തു. 
 

Follow Us:
Download App:
  • android
  • ios