അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് നാമജപയജ്ഞം സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: സന്യാസി മാര്‍ഗദര്‍ശക മണ്ഡലം സംഘടിപ്പിക്കുന്ന നാമജപ പ്രതിഷേധം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കും. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് നാമജപയജ്ഞം സംഘടിപ്പിക്കുന്നത്.

ചിദാനന്ദപുരി സന്യാസിയല്ലെന്നും കാഷായ വേഷം ധരിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ശബരിമല കര്‍മ്മസമിതി നടത്തിയ നാമജപപ്രതിഷേധത്തില്‍ ചിദാനന്ദപുരി പങ്കെടുത്തിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് സ്വാമി ചിദാനന്ദപുരി തുറന്നടിച്ചിരുന്നു. വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യവെയായിരുന്നു ഈ പ്രസ്താവന.

ഇതോടെ സ്വാമി ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആർഎസ്എസ്സുകാരനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. ഉത്തരേന്ത്യയിലേത് പോലെ സ്വാമിമാരെ രംഗത്തിറക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്നും കോടിയേരി പറഞ്ഞു.