Asianet News MalayalamAsianet News Malayalam

വര്‍ഷത്തിൽ 4 തവണ വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാം; ആധാർ-വോട്ടേഴ്സ് ഐഡി ലിങ്കിംഗ് ഓൺലൈൻ വഴിയും

വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ

Name can be added to Voters list four times an year
Author
First Published Aug 12, 2022, 4:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ വര്‍ഷത്തിൽ 4 തവണ വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം.കൗൾ. ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിൽ 18 വയസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പേരുചേര്‍ക്കാം. ആധാര്‍, വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാൻ ഓൺലൈൻ വഴിയും അപേക്ഷ നൽകാം. ഫോം 6 B ഉപയോഗിച്ച് ഓഫ്‍ലൈനായും ഓൺലൈനായും അപേക്ഷിക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. . 6485 പേര്‍ ഇതിനോടകം ആധാറും വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചു.

അതേസമയം വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിൽ  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. ആധാര്‍ വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടര്‍ പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് (VHA) മുഖേനയോ ഫോറം 6B യില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫാറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്. കൂടാതെ 17 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുൻകൂറായി അപേക്ഷ സമര്‍പ്പിക്കാം. ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഒരു വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ ഉണ്ടായിരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പതിനെട്ട് വയസ് തികയുന്ന സമയം പേര് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കും. ഇതിനു ശേഷമാകും  തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക.

 

Follow Us:
Download App:
  • android
  • ios