സർക്കാരും ദേവസ്വം ബോർഡും തമ്മിൽ യാതൊരു വിയോജിപ്പുകളുമില്ലെന്ന് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. അരവണ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുമെന്നും വരും തീർത്ഥാടന കാലം അഭിമാനകരമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സന്തോഷം പ്രകടിപ്പിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സർക്കാരും ദേവസ്വം ബോർഡും തമ്മിൽ യാതൊരുവിധ വിയോജിപ്പുകളുമില്ലെന്നും ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടനം പൂർണ്ണമായും വിജയിപ്പിക്കാൻ സർക്കാർ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആശയവിനിമയത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകും. അരവണ വിതരണത്തിലുണ്ടായ ചെറിയ പ്രതിസന്ധി പരിഹരിക്കുമെന്നും വരും തീർത്ഥാടന കാലം സർക്കാരിനും ബോർഡിനും അഭിമാനകരമായ രീതിയിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയതായി അദ്ദേഹം വ്യക്തമാക്കി.
ബോർഡിന്റെ പ്രവർത്തനം സുതാര്യമാക്കാൻ ഇ - ടെൻഡർ ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു. പഴയ രീതികളുടെ ഗുണഭോക്താക്കളായ ചിലരാണ് ബോർഡിനെതിരെ അപപ്രചാരണങ്ങൾ നടത്തുന്നത്. കാര്യങ്ങളൊന്നും ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന പ്രചാരണം വസ്തുതാപരമല്ല. സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലുകൾ തടയുന്നതുകൊണ്ട് ചിലർക്ക് നിരാശയുണ്ടാകുമെന്നും എന്നാൽ ബോർഡ് ഇതിൽ നിരുത്സാഹപ്പെടില്ലെന്നും ദേവസ്വം മന്ത്രിയുമായും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പനും ഞാനും സർക്കാരും പറയുന്നു, ഞാൻ തന്നെയാകും പ്രസിഡന്‍റ്
തന്റെ രാജിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് മറുപടി നൽകിയത്. തന്നെ രാജിവെപ്പിച്ചിട്ട് നിങ്ങൾക്ക് എന്താണ് കാര്യം എന്നായിരുന്നു മാധ്യമ പ്രവർത്തകരോടുള്ള മറുചോദ്യം. താൻ രാജി വെക്കേണ്ട യാതൊരു കാര്യവുമില്ലെന്നും വരും തീർത്ഥാടന കാലയളവിൽ താൻ തന്നെയായിരിക്കും ദേവസ്വം ബോർഡ് പ്രസിഡന്റായി തുടരുകയെന്നും അദ്ദേഹം വ്യക്തമാക്കി. വരും ആഴ്ചകളിൽ നടത്തുന്ന മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും നേരിട്ട് ധരിപ്പിക്കുമെന്നും ബോർഡിന് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല അരവണ വിതരണത്തിൽ അപ്രതീക്ഷിത കുറവുണ്ടായി. കാര്യങ്ങൾ ദേവസ്വ മന്ത്രി അറിയിച്ചിരുന്നു. അതിനുശേഷം ആണ് ദില്ലിക്ക് പോയത്. എന്നാൽ പിന്നീടുള്ള മന്ത്രിയുടെ പ്രതികരണം അങ്ങനെ ആയിരുന്നില്ല. അത്രയും ആളുകളെ പ്രതീക്ഷിച്ചില്ല എന്നത് ശരിയാണ്. എന്തായാലും നടന്നതൊക്കെ നടന്നു, ഇനി ഭംഗിയായി കാര്യങ്ങൾ മുന്നോട്ട് പോകുമെന്നതിഷ ആർക്കും സംശയം വേണ്ടെന്നും ജയകുമാർ വിവരിച്ചു. ആരെങ്കിലും ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചാൽ ഇകഴ്ത്തപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. അയ്യപ്പനും ഞാനും സർക്കാരും പറയുന്നു, ഈ തീർത്ഥാടന കാലത്ത് ഞാൻ തന്നെയാകും പ്രസിഡന്‍റ് എന്നും പറഞ്ഞാണ് ജയകുമാർ മടങ്ങിയത്.

