ചിത്രത്തിന് പിറകിൽ മേൽവിലാസം എഴുതി നൽകാനും പ്രധാന മന്ത്രി ആവശ്യപ്പെട്ടു. താൻ മറുപടി കത്ത് എഴുതുമെന്നും അദ്ദേഹം പറഞ്ഞു. 

പാലക്കാട്: പ്രസംഗത്തിനിടെ തന്റെ ചിത്രങ്ങളുമായി വന്നവരോട് ചിത്രം നൽകാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രത്തിന് പിറകിൽ മേൽവിലാസം എഴുതി നൽകാനും പ്രധാന മന്ത്രി ആവശ്യപ്പെട്ടു. താൻ മറുപടി കത്ത് എഴുതുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിനാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി നാളെ പാലക്കാട് എത്തിയത്. കൽപാത്തി ക്ഷേത്രത്തിന് പ്രണാമം അർപ്പിച്ചാണ് മോദി തന്‍റെ പ്രസംഗം ആരംഭിച്ചത്. പാലക്കാടിൻ്റെ പ്രകൃതി സൗന്ദര്യം വർണിച്ച മോദി, പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമാണെന്നും കൽപ്പാത്തി കാശിക്ക് സമാനമാണെന്നും അഭിപ്രായപ്പെട്ടു. 

വികസനം മോദിയുടെ ഗ്യാരന്‍റിയാണെന്നും മാറാത്തത് ഇനി മാറും പ്രധാനമന്ത്രി പറഞ്ഞു. കല്‍പാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. ഇടത് വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ മഹാന്മാരെ മോദി തന്‍റെ പ്രസംഗത്തില്‍ പേരെടുത്ത് പരാമർശിച്ചു. 'ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാൻ പ്രണാമം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്‍ഡിഎഫിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി പ്രസംഗത്തില്‍ തുറന്നടിച്ചു. പതിറ്റാണ്ടുകളായി യുഡിഎഫും എൽഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസുകാർ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാൽ കോൺഗ്രസുകാരും ഇതേ വിമർശനം ഉന്നയിക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ബിജെപി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. എൻഡിഎ അധികാരത്തിൽ വന്നാൽ മുൻ സർക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം നടത്തും. ബിജെപി, എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും മോദി പ്രതീക്ഷയര്‍പ്പിച്ചു.

അതേസമയം മേഴ്സി കോളജ് ഹെലിപാഡിൽ വന്നിറങ്ങിയ മോദി മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ഷോ നടത്തി. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയാണ് റോഡ് ഷോ നടത്തിയത്. അതേസമയം കോട്ടമൈതാനത്തെ പൊതുസമ്മേളനത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ തൃശൂരിലെ പരിപാടിക്കായി ഹെലികോപ്ടറിൽ തിരിക്കും.