പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാലക്കാട്: പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതാണ് കോൺഗ്രസിന്‍റെ യഥാർത്ഥ മുഖമെന്നും സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയായി മറ്റൊരു കോൺഗ്രസ് നേതാവും സ്ത്രീവിരുദ്ധതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്തായി, ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി പാലക്കാട് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുൾപ്പെടെ പരിഹാസ രൂപേണ സംസാരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൽപാത്തി ക്ഷേത്രത്തിന് പ്രണാമം അർപ്പിച്ചാണ് മോദി തന്‍റെ പ്രസംഗം ആരംഭിച്ചത്. പാലക്കാടിന്‍റെ പ്രകൃതി സൗന്ദര്യം വർണിച്ച മോദി, പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമാണെന്നും കൽപ്പാത്തി കാശിക്ക് സമാനമാണെന്നും അഭിപ്രായപ്പെട്ടു. വികസനം മോദിയുടെ ഗ്യാരന്‍റിയാണെന്നും മാറാത്തത് ഇനി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കല്‍പാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. ഇടത് വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നുവെന്നും സിപിഎമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ കഥകളുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.