മലപ്പുറം: സ്വകാര്യ ബസ്സ് ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുമ്പ് പലതവണ നമ്മൾ  കണ്ടിട്ടും കേട്ടിട്ടുമുണ്ട്. മഴക്കാലത്ത് റോഡ് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കനത്തമഴകൂടെ ആകുമ്പോൾ നനഞ്ഞ റോഡിലൂടെയുള്ള യാത്ര ദുഷ്കരം തന്നെയാണ്. എന്നാൽ ഏത് സമയത്തും കാലാവസ്ഥയിലും സ്വകാര്യ ബസ്സുകൾ റോഡിലെ മറ്റു യാത്രക്കാരുടെ ജീവന് എത്രത്തോളം ഭീഷണിയുണ്ടാക്കുന്നു എന്നതിന്റെ പുതിയ ഉദാഹരണമാണ് മലപ്പുറത്തു നിന്ന് പുറത്തുവന്ന ഈ വീഡിയോ.

മലപ്പുറം തിരൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബം ബസ് ഇടിക്കുന്നതില്‍നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നടുവിലങ്ങാടി സ്വദേശി പിഎസ് അഹ്‍നാഫും ഭാര്യയും 10 മാസം പ്രായമായ കുഞ്ഞുമാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. അമിത വേഗത്തിൽ നിയന്ത്രണം തെറ്റിയ ബസ് കാറിൽ ഇടിക്കാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്.

മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്ന ബസ് മുന്നിലെ വാഹനത്തെ കണ്ട് ബ്രേക്ക് പിടിച്ചതാണ് അപകടകാരണം. മഴപെയ്ത് നനഞ്ഞ റോഡിൽ തെന്നി നീങ്ങിയ ബസ് കാറിന് തൊട്ടു മുന്നിൽ വന്നാണ് നിന്നത്. കാറിന്റെ ​വേ​ഗത കണ്ട് കാറിലുണ്ടായിരുന്ന അഹ്‍നാഫിന്റെ ഭാര്യ ഞെട്ടുന്നതും ബസ്സിടിക്കാതെ കാറിന് മുന്നിൽ നിന്നപ്പോൾ പ്രാർഥിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.