പുതുചരിത്രമെഴുതി ആർട്ടെമിസ് 2. ഒറയോൺ പേടകം ഭൗമ പരിക്രമണപഥം വിട്ട് ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിച്ചു. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തുന്നത്.

ന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം. ഭൗമ പരിക്രമണപഥം വിട്ട് ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിലേക്ക് കടന്നു. പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രനിൽ നിന്ന് 66098.977 കിലോമീറ്റർ അകലെയാണ് പേടകമിപ്പോൾ സ്ഥിതി ചെയ്യുന്നത്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തുന്നത്. നിലവിൽ ചന്ദ്രനിൽ നിന്ന് അറുപത്തിയാറായിരം കിലോമീറ്റർ അകലെയാണ് പേടകം. ഇന്ന് അർദ്ധരാത്രിക്ക് ശേഷമാകും പേടകം ചന്ദ്രനപ്പുറം കടക്കുക. ഇന്ന് രാത്രി പതിനൊന്നരയോടെ പേടകം ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തും.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് രാത്രി 11:26ന് ( ഇന്ത്യൻ സമയം) ഭൂമിയിൽ നിന്ന് ഏറ്റവും അകലെ ഒറയോൺ പേടകമെത്തും. ഇതോടെ അപ്പോളോ 13ന്റെ റെക്കോർഡ് ഭേദിക്കും. ചന്ദ്രൻ്റെയുമപ്പുറത്ത് നിന്ന് ദൗത്യസംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കാണും. അർദ്ധരാത്രി 12:15 മുതൽ സംഘം ചാന്ദ്ര നിരീക്ഷണം തുടങ്ങും. നാളെ (ഏപ്രിൽ 7ന് ) പുലർച്ചെ 4:14ന് പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം നഷ്ടപ്പെടും. ഒറയോൺ ചന്ദ്രന്റെ പിന്നിലേക്ക് പോകുന്നതിനാലാണ് ഇത്. നാൽപ്പത് മിനുട്ടോളം പേടകവും ഭൂമിയും തമ്മിൽ ബന്ധമുണ്ടാകില്ല. ഈ സമയം ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഭൂമി അസ്തമിക്കുന്നതും ഉദിക്കുന്നതും യാത്രികർ കാണും. ദൗത്യത്തിന്റെ ഏഴാം ദിനം പകുതി കഴിയുമ്പോൾ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് തുടക്കമാകും. എട്ടാം നാൾ പേടകത്തെ വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലാക്കും. ഒമ്പതാം നാൾ തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പ്. പത്താം നാൾ ഭൂമിയുടെ മടിത്തട്ടിലേക്ക് ഒറയോൺ വന്നിറങ്ങും.