ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളില്‍ നിന്ന് ബീഡിയും ലഹരി വസ്തുക്കളും ഇന്നലെ നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു. 

തിരുവനന്തപുരം: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ സുഹൃത്തുക്കളാണ് ജയിലിനുള്ളിൽ ഉപയോഗിക്കാൻ കഞ്ചാവ് നൽകിയതെന്ന് യൂണിവേഴ്സിറ്റി വധശ്രമക്കേസിലെ പ്രതി നസീമിന്‍റെ മൊഴി. ഇന്നലെ രാത്രിയിൽ പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിലാണ് നസീമിൽ നിന്നും ക‍ഞ്ചാവ് പിടിച്ചെടുത്തത്. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പിഎസ്‍സി പരീക്ഷ തട്ടിപ്പുകേസിലും റിമാൻഡിലാണ് മുൻ എസ്എഫ്ഐ നേതാവായ നസീം. എട്ടാം ബ്ലോക്കിൽ പാർപ്പിച്ചിരിക്കുന്ന നസീമിന്‍റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്. 

സോപ്പുകവറിൽ പൊതിഞ്ഞ് ഒളിച്ചിരുന്ന കഞ്ചാവ് കോടതി വളപ്പിൽ വച്ച് സുഹൃത്തുക്കള്‍ നൽകിയതാണെന്ന് നസീം ജയിൽ സൂപ്രണ്ടിന് മൊഴി നൽകി. കത്തിക്കുത്ത് കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്നലെ വ‍ഞ്ചിയൂർ കോടതിയിൽ പ്രതികളെ ഹാജരാക്കിയിരുന്നു. അകമ്പടി പോയ പൊലീസുകാരുടെ ഒത്താശയോടെയാണ് കഞ്ചാവ് കടത്തിയതെന്ന് സംശയിക്കുന്നുണ്ട്. പ്രതികള്‍ കഞ്ചാവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഇന്നലെ സെൻട്രൽ ജയിലിലെ ബ്ലോക്കുകളിൽ റെയ്ഡ് നടത്തിയത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ നിന്നും ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. നടുവേദനയെന്ന കാരണത്തിൽ ജയിൽ ആശുപത്രിക്കുള്ളിൽ കിടന്ന ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി സിജിത്തിൽ നിന്നും പാൻപരാഗും ഹാൻസും പിടികൂടി

മറ്റൊരു പ്രതി ഷാഫി പരിശോധന സംഘത്തെ കണ്ടപ്പോള്‍ കൈയിലുണ്ടായിരുന്നു ലഹരിവസ്തുക്കള്‍ കക്കൂസിലിട്ടു. ഏഴുപേരിൽ നിന്നാണ് ക‍ഞ്ചാവും ലഹരിവസ്തുക്കളും കണ്ടെത്തിയത്. സൂപ്രണ്ടിന്‍റെ പരാതിയിൽ പൂ‍ജപ്പുര പൊലീസ് കസെടുത്തു. ജയിലിനു പുറത്തുപോയിട്ട് തിരിച്ചെത്തുന്ന തടവുകാരുടെ ശരീരപരിശോധിക്ക് ഐആർബറ്റാലിയനിലെ പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. തെരെഞ്ഞെടുപ്പായപ്പോള്‍ പ്രത്യേക സേന വിഭാഗത്തെ പിൻവലിച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരെ നിയോഗിച്ചു. ശരീര പരിശോധനയിൽ ഇളവ് വന്നതോടെയാണ് വീണ്ടും ജയിലിലേക്ക് പ്രതികള്‍ കഞ്ചാവ് കടത്തു തുടങ്ങിയത്. 

Read More: പൂജപ്പുര സെൻട്രൽ ജയിലില്‍ പരിശോധന; കത്തിക്കുത്ത് കേസിലെ പ്രതി നസീമില്‍ നിന്നും കഞ്ചാവ് പിടികൂടി...