കേരളത്തിലെ ദേശീയ പാത തകർച്ചയിൽ അടിയന്തര യോ​ഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. ഉദ്യോ​ഗസ്ഥരുമായും വിദ​ഗ്ധരുമായും വിഷയം അവലോകനം ചെയ്യും

ദില്ലി: കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ വീഴ്ചകൾ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി ചർച്ച ചെയ്യും. വിവിധയിടങ്ങളിൽ പരിശോധന നടത്തുന്ന വിദഗ്ധ സംഘത്തിൻറെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ദേശീയപാത അതോറിറ്റിയോടും മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിട്ടുണ്ട്. 

കൂരിയാട് റോഡ് ഇടിഞ്ഞതിന്‍റെ ദൃശ്യങ്ങൾ കണ്ട ശേഷമാണ് മന്ത്രി നിതിൻ ഗഡ്കരി നേരത്തെ കടുത്ത നടപടിക്ക് നിർദ്ദേശം നല്കിയത്. എന്നാൽ കേരളത്തിൽ പലയിടത്ത് നിന്നും സമാന റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദമായ പരിശോധനയ്ക്ക് തയ്യാറെടുക്കുന്നത്. വൈകാതെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ഗഡ്കരി വിലയിരുത്തുമെന്ന് ട്രാൻസ്പോർട്ട് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വിദഗ്ധരെയും മന്ത്രി നേരിട്ടു കാണും. കൂരിയാടെത്തി രണ്ടംഗ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു.

ദില്ലി ഐഐടിയിലെ മുൻ പ്രൊഫസർ ജിവി റാവു കൂടി വിലയിരുത്തിയ ശേഷമാകും ഇവരുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറുക. കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിൻറെയാകെ ഡിസൈനും രീതികളും അവലോകനം ചെയ്യും. പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കാനും ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശമുണ്ട്. റോഡ് നിർമ്മാണം നിരീക്ഷിക്കുന്നതിലും ഗുണമേന്മ ഉറപ്പാക്കുന്നതിലും എൻഎച്ച്എഐക്ക് വീഴ്ച വന്നോ എന്നും കേന്ദ്രം പരിശോധിക്കും.

കെഎൻആർ കൺസ്ട്രക്ഷൻസ്, ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടൻറ്സ് എന്നീ കമ്പനികളെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത് ഇവർ അലംഭാവം കാണിച്ചു എന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ്. കൂടുതൽ കമ്പനികൾക്കെതിരെ നടപടി വരാനും സാധ്യതയുണ്ട്. ദേശീയ പാത നിർമ്മാണം എൻഡിഎ സർക്കാരിൻറെ നേട്ടങ്ങളിലൊന്നായി ഉയർത്തികാട്ടുമ്പോൾ കേരളത്തിൽ നിന്ന് വരുന്ന ദൃശ്യങ്ങൾ മന്ത്രാലയത്തിന് തിരിച്ചടിയാണ്. അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിള്ളലും തകർച്ചയും പരിഹരിച്ച് ദേശീയ പാത നിർമ്മാണം പൂർത്തിയാക്കുക എന്ന വെല്ലുവിളിയും കേന്ദ്രം നേരിടുന്നു. 

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News | Live Breaking News