ഇപ്പോഴുണ്ടായതു പോലുള്ള തടസങ്ങൾ പ്രവർത്തന പുരോഗതിയെ ബാധിക്കാതിരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വിഷയത്തിൽ ശക്തമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയപാത നിർമാണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും മലപ്പുറത്ത് ദേശീയ പാത തകർന്ന സംഭവത്തിന്റെ കാരണങ്ങൾ പഠിക്കാൻ ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചതായും നിതിൻ ഗഡ്കരി രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു.

മലപ്പുറത്ത് തകർന്ന ദേശീയപാതയുടെ കരാർ കമ്പനിയെ, ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും വിലക്കിയതായി നിതിൻ ഗഡ്കരി അറിയിച്ചു. കോൺട്രാക്ടറുടെ പിഴവുകൾ മൂലം നഷ്ടം സംഭവിച്ചാൽ സർക്കാറിന് നിർമാണ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം പിരിച്ചെടുക്കാൻ കഴിയും. അതിനാൽ സർക്കാരിന് ഇക്കാര്യത്തിൽ സാമ്പത്തിക നഷ്ടമൊന്നുമില്ല. കേരളത്തിലെ ദേശീയ പാതാ നിർമ്മാണ ജോലികൾ ഉടൻ പുനഃരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും മലപ്പുറത്തെ ബിജെപി നേതൃത്വവുമായി ഡൽഹിയിലെത്തി കേന്ദ്രമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു. 

മോദി ഭരണത്തിന് കീഴിൽ രാജ്യത്ത് ഒരു ലക്ഷം കിലോമീറ്ററിലധികം ഹൈവേകൾ നിർമ്മിച്ചിട്ടുണ്ട്. 2014ലെ 90,000 കിലോമീറ്ററിൽ നിന്ന് 2024ൽ ഒന്നരം ലക്ഷം കിലോമീറ്ററിലേക്കുള്ള അറുപത് ശതമാനം വിപുലീകരണമാണ് ഹൈവേയുടെ കാര്യത്തിൽ കഴിഞ്ഞ പതിറ്റാണ്ടിൽ ഉണ്ടായത്. 2014ൽ പ്രതിദിനം 11 കിലോമീറ്ററായിരുന്നു ഹൈവേ നിർമാണം നടന്നിരുന്നതെങ്കിൽ ഇപ്പോൾ പ്രതിദിന ശരാശരി 33 കിലോമീറ്ററായി ഉയർന്നു. നിലവിൽ ലോകത്തെ രണ്ടാമത്തെ വലിയ ഹൈവേ ശൃംഖലയാണ് ഇന്ത്യയിലുള്ളതെന്നും പ്രസ്താവനയിൽ പറ‌ഞ്ഞു

കേരളത്തിൽ 65,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറ‌ഞ്ഞു. ഇത് കേരളത്തിലെ അടിസ്ഥാന സൗകര്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും വികസിത കേരളത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യും. ഇപ്പോഴുണ്ടായതു പോലുള്ള തടസങ്ങൾ പ്രവർത്തന പുരോഗതിയെ ബാധിക്കാതിരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും രാജീവ്‌ ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം