ടെൻഡർ വ്യവസ്ഥകളിൽ വെള്ളം ചേർത്തെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിന് മുൻപാകെ അധികൃത‍ർ സമ്മതിച്ചു. 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നല്‍കിയത്.

ദില്ലി: ദേശീയപാത നിർമ്മാണത്തിൽ കരാറുകാർ ക്രമക്കേട് കാട്ടിയെന്ന് സമ്മതിച്ച് എൻഎച്ച്എഐ. ടെൻഡർ വ്യവസ്ഥകളിൽ വെള്ളം ചേർത്തെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിന് മുൻപാകെ അധികൃത‍ർ സമ്മതിച്ചു. 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നല്‍കിയത്. ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് പുറത്ത് വരുന്നതെന്ന് കെ സി വേണുഗോപാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദേശീയ പാത അതോറിറ്റി ചെയർമാൻ ശനിയാഴ്ച കേരളത്തിലെത്തും. കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള ദേശീയപാത നിർമ്മാണം പരിശോധിക്കാൻ വിദഗ്ധ സമിതിക്ക് കേന്ദ്ര നിർദേശം നല്‍കി. കൂരിയാട് ഒരു കിലോ മീറ്റർ റോഡ് പൂർണ്ണമായും പുനർനിർമ്മിക്കാനാണ് ശുപാർശ.

ദേശീയപാത നിർമ്മാണത്തിൽ വ്യാപക അഴിമതി നടന്നതായി സംശയിക്കുന്നെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്‍റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിട്ടുള്ള നിര്‍മാണമല്ല നടക്കുന്നതെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ഡിസൈന്‍ തീരുമാനിക്കുന്നത് കരാറുകാരാണ്. ദേശീയപാത തകര്‍ന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കരാർ, ഡിസൈൻ എന്നിവ പരിശോധിക്കാൻ സിഎജിക്ക് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി നിർദ്ദേശിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അതിനിടെ, ദേശീയപാത കരാർ കമ്പനിയായ മേഘയുടെ നിർമ്മാണത്തിൽ വീണ്ടും തകരാറുകൾ കണ്ടെത്തി. കാസർകോട് മാവുങ്കാൽ മേൽപ്പാലത്തിലെ കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്ത് വന്നു. പാലത്തിൻ്റെ സ്പാനറുകൾ ഘടിപ്പിച്ച മധ്യഭാഗത്തെ വിടവിൽ കോൺക്രീറ്റിൽ ടാർ ചെയ്ത ഭാഗത്താണ് കമ്പികൾ പുറത്ത് കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം