ദില്ലി:  പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം നീളുന്നു. രമേശ് ചെന്നിത്തലക്കായി അവസാന മണിക്കൂറുകളിലും ഉമ്മന്‍ചാണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ്.  വി ഡി സതീശന് പിന്തുണ നല്‍കിയ ഭൂരിപക്ഷം എംഎല്‍എമാര്‍ ചെന്നിത്തലയുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചതും ഹൈക്കമാന്‍ഡിനെ  ആശയക്കുഴപ്പത്തിലാക്കി.തര്‍ക്കം മൂത്താല്‍ മൂന്നാമതൊരാളെ പരിഗണിക്കേണ്ടി വരുമെന്ന  സാധ്യതയും ചില മുതിര്‍ന്ന നേതാക്കള്‍ തള്ളിക്കളയുന്നില്ല. അതേസമയം ചെന്നിത്തലയ്ക്ക് വേണ്ടി ചില ദേശീയ നേതാക്കൾ സോണിയയേയും രാഹുലിനേയും സമീപിച്ചതായാണ് വിവരം. ഹൈക്കമാൻഡ് നേതാക്കളെ ഫോണിൽ ബന്ധപ്പെട്ട ഉമ്മൻചാണ്ടി ചെന്നിത്തലയ്ക്ക് വേണ്ടി ശക്തമായി വാദിച്ചുവെന്നും വിവരമുണ്ട്. 

നിരീക്ഷക സമിതി നല്‍കിയ റിപ്പോര്‍ട്ട് സോണിയഗാന്ധി കണ്ടെങ്കിലും നേതാക്കളുടെ വടംവലിയില്‍ തീരുമാനം നീളുകയാണ്. ഹൈക്കമാന്‍ഡ് നിരീക്ഷക  സമിതിക്ക് മുന്‍പില്‍ ചെന്നിത്തല തുടരണമെന്ന് വാദിച്ച ഉമ്മന്‍ചാണ്ടി  സമ്മര്‍ദ്ദം തുടരുകയാണ്.  പാര്‍ട്ടിയെ മുന്‍പോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല നേതൃനിരയില്‍ തന്നെ വേണമെന്നും, ആവേശം കൊണ്ടു മാത്രം പാര്‍ട്ടിസംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുും ചില മുതിര്‍ന്ന ഹൈക്കമാന്‍ഡ് നേതാക്കളെ വിളിച്ച് ഉമ്മന്‍ചാണ്ടി അറിയിച്ചു. 

ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദം തുടരുമ്പോള്‍ ഭൂരിപക്ഷ പിന്തുണ മാത്രം പരിഗണിച്ച് പ്രഖ്യാപനം നടത്തുന്നതിലാണ് ഹൈക്കമാന്‍ഡിന്‍റെ ആശയക്കുഴപ്പം. അതേ സമയം  ഭൂരിപക്ഷ പിന്തുണ വി ഡി സതീശന് നല്‍കിയ എംഎല്‍എമാര്‍ രമേശ് ചെന്നിത്തലക്ക് വിശ്വാസ്യത പോരെന്ന അഭിപ്രായമാണ് നിരീക്ഷകസമിതി അംഗങ്ങളായ മല്ലികര്‍ജ്ജുന്‍ ഖാര്‍ഗെക്കും, വൈത്തിലിംഗത്തിനും മുന്‍പില്‍ അവതരിപ്പിച്ചത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങള്‍ ചെന്നിത്തല കൊണ്ടുവന്നെങ്കിലും വിശ്വാസ്യയോഗ്യമായി ജനത്തിന് തോന്നിയില്ലെന്നും ചെറുപ്പക്കാരെ ചലിപ്പിക്കാന്‍ ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ക്കായില്ലെന്നും ചൂണ്ടിക്കാട്ടി. 

തര്‍ക്കം തുടര്‍ന്നാല്‍ അടുത്ത സാധ്യത പരിഗണിക്കേണ്ടി വരുമെന്ന സൂചനയും ചില നേതാക്കള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. യുവത്വത്തിന് പ്രാതിനിധ്യം നല്‍കി തലമുറമാറ്റമെെന്ന ആവശ്യം അതിലൂടെ പരിഹരിക്കാമെന്നും ചില നേതാക്കള്‍ പറയുന്നു. അതേ സമയം  പ്രതിപക്ഷ നേതൃ സ്ഥാനത്ത് മാത്രമല്ല, കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ പദവികളിലും വൈകാതെ മാറ്റമുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമ്പൂര്‍ണ്ണമാറ്റമെന്ന നിര്‍ദ്ദേശം ഗ്രൂപ്പ് നേതാക്കള്‍ക്ക് ദഹിച്ചിട്ടില്ലെന്നാണ് വിവരം.