ഇന്ന് നവംബർ 24. ദേശീയ മത്തി ദിനം. മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി. ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചും ഭക്ഷണത്തിനപ്പുറമുള്ള ഉപയോഗങ്ങളെക്കുറിച്ചും അറിയാം. മത്തിയുടെ കാര്യത്തിൽ മത്സ്യത്തൊവിലാളികൾ തെല്ല് ആശങ്കയിലാണ്.
ഇന്ന് നവംബർ 24. ദേശീയ മത്തി ദിനം. മലയാളികളെ സംബന്ധിച്ച് മീൻ എന്നോർക്കുമ്പോൾ ആദ്യം മനസിൽ വരുന്ന പേരുകളിൽ ഒന്ന് ഈ കുഞ്ഞൻ മീനിന്റേതാണ്. തെക്കൻ കേരളത്തിൽ ഇത് ചാളയെന്നും അറിയപ്പെടുന്നു. മീൻ വിഭാഗത്തിൽ പല സമയങ്ങളിലും ഏറ്റവും വിലക്കുറവുള്ള മത്തി ഗുണങ്ങളുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല. പ്രോട്ടീനിന്റെ കലവറയാണ് മത്തി. കൂടാതെ വൈറ്റമിൻ എ, ഡി, ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന വിഭാഗമാണ് ചെറുമീൻ വിഭാഗത്തിൽപ്പെട്ട ഈ മത്സ്യം. മസ്തിഷ്കം, ഹൃദയം തുടങ്ങിയവയുടെ ആരോഗ്യത്തിന് മത്തി ഏറെ ഗുണകരമാണ്. മത്തിയെ ഒമേഗ 3 ഫാറ്റി ആസിഡ് റിച്ച് ഫൂഡ് ആയിട്ടാണ് കണക്കാക്കുന്നത്. ഇത് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ, മത്തിയിൽ ധാരാളം നല്ല കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്.
ജൂൺ- ജൂലൈ മാസങ്ങളാണു മത്തിയുടെ പ്രജനന കാലം. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് പെൺമത്തികൾ മുട്ടയിടാറുള്ളത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ശരാശരി അര ലക്ഷം മുട്ടയാണ് ഇത്തരത്തിൽ ഒറ്റത്തവണ റിലീസ് ചെയ്യാറുള്ളത്. ചെമ്മീനുകളുടെ ലാർവകൾ, മത്സ്യ മുട്ടകൾ, വിവിധ തരം ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ, പായലുകള്‍ എന്നിവയെല്ലാമാണ് മത്തിയുടെ പ്രധാന ഭക്ഷണം. കാലവർഷമടുക്കുന്നതോടെ ഉൾക്കടലിൽ നിന്ന് ഇവ കൂട്ടം കൂട്ടമായി തീരക്കടലിലേക്കണയുക പതിവാണ്.
ഭക്ഷണാവശ്യങ്ങൾക്ക് മാത്രമാണ് മത്തി ഉപയോഗിക്കുന്നതെന്ന ധാരണ പലർക്കുമുണ്ട്. എന്നാലിത് അങ്ങനെയല്ല. മത്തിയിൽ നിന്ന് ലഭിക്കുന്ന മീനെണ്ണ അതിന് ഒരു ഉദാഹരണമാണ്. ഇത് ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇത് കൂടാതെ ഇത് മറ്റ് വൈറ്റമിൻ- മിനറൽ സപ്ലിമെന്റ് ഗുളികകളിലും ഇത് ഉപയോഗിക്കുന്നു. ലിപ്സ്റ്റിക്ക്, നെയിൽ പോളിഷ്, പെയിന്റ് തുടങ്ങിയ ഇന്റസ്ട്രികളിലും ഇത് ഉപയോഗിച്ചു വരുന്നുണ്ട്. മത്തിയുടെ മാംസത്തിൽ എണ്ണയുടെ അളവ് കൂടുതലായതിനാൽ സമയത്ത് ഉപയോഗിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടാകുകയും ചെയ്യും.
മറ്റു വർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം മത്തി കൂടുതൽ അളവിൽ കേരളത്തിൽ ലഭിച്ചിരുന്നു. സാധാരണ മത്തി മുട്ടകൾ പകുതി ഭാഗവും ചൂടു തട്ടി നശിച്ചു പോകാറാണ് പതിവ്. എന്നാൽ ഈ വർഷം മഴയുടെ അളവ് കൂടിയതും, ചൂട് കുറഞ്ഞതും മത്തിയുടെ അളവ് കൂടുതലാകാൻ കാരണമായി എന്നാണ് ശാസ്ത്രലോകം പറയുന്നത്. അതേ സമയം, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ മുന്നോട്ട് വക്കുന്ന പ്രധാന ആശങ്ക ലഭിക്കുന്ന മത്തിയുടെ വലിപ്പക്കുറവാണ്. പണ്ട് 20 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള മത്തി കിട്ടിയിരുന്നെങ്കിൽ ഇപ്പോഴത് 12- 13 സെന്റീമീറ്റർ വരെ മാത്രമുള്ള കുഞ്ഞൻ മത്തികളാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലില്‍ തീറ്റയിലുണ്ടായ കുറവാണ് ഇതിന് കാരണമെന്നാണ് അവർ പറയുന്നത്. ഇതല്ലാതെ, വലിപ്പക്കുറവുള്ള മത്തി കൂടുതൽ പിടിച്ചാലും വലിയ വിലയില്ലാത്തതു കൊണ്ട് നഷ്ടമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.


