പാലക്കാട് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇടപെട്ട് ദേശീയ എസ് സി കമ്മീഷൻ. ശോഭാ സുരേന്ദ്രന്റെ പരാതിയിലാണ് ഇടപെടൽ. കേരള ഡിജിപിയോടും പാലക്കാട് എസ്പിയോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. എട്ടിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
പാലക്കാട്: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് കൗൺസിലർക്കെതിരെയുള്ള ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദേശീയ എസ് സി കമ്മീഷൻ ഇടപെടൽ. കേരള ഡിജിപിയോടും പാലക്കാട് എസ്പിയോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. എട്ടിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കുറ്റവാളികളെ അറസ്റ്റ് ചെയ്ത തീയതിയും ഫയൽ ചെയ്ത എഫ്ഐആർ ഉൾപ്പടെ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മണ്ണാർക്കാട് കോടതിയാണ് ഹർജി പരിഗണിക്കുക. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം, താമസസ്ഥലത്ത് അതിക്രമിച്ചു കയറി പ്രശോഭ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രശോഭിനെതിരെ ബലാത്സംഗം, എസ് സി എസ് ടി അതിക്രമം തടയൽ വകുപ്പുകൾ ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ് സംഘം.
ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തന്റെ പേരിൽ എംഎൽഎമാർക്കും എംപിമാർക്കും ഒപ്പമുള്ള ചിത്രങ്ങൾ കാട്ടി രാഷ്ട്രീയ സ്വാധീനം പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. താൻ ഗർഭിണിയായപ്പോൾ പ്രശോഭ് ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ നൽകി നിർബന്ധിച്ചുവെന്നും പരാതിയിലുണ്ട്.

