കാസർകോട്: അന്തര്‍സംസ്ഥാന യാത്രയ്ക്കുള്ള നിയന്ത്രണം തുടരുന്നതിനിടെ കേരളാ കര്‍ണാടക അതിര്‍ത്തിയിലെ നൂറുകണക്കിനാളുകള്‍ ജോലി പോകുമെന്ന ആശങ്കയിലാണ്. കാസര്‍കോഡിന്‍റെ വടക്കന്‍ മേഖലകളില്‍ നിന്ന് എല്ലാ ദിവസവും മംഗലാപുരത്ത് ജോലിക്ക് പോയി തിരിച്ചുവരുന്നവര്‍ക്കാണ് ഭീഷണി. 

കാസർകോടിൻ്റെ വടക്കൻ മേഖലകളിലുള്ള ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നത് കര്‍ണാടകയിലെ മംഗലാപുരത്തും സുള്ള്യയിലും പുത്തൂര്‍ തുടങ്ങിയ ഇടങ്ങളിലുമാണ്. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയാല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമായതുകൊണ്ടു തന്നെ എന്തുചെയ്യണമെന്നറിയാത്ത വേവലാതിയിലാണ് ഇവരെല്ലാം. 

ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പലയിടങ്ങളിലും കേരളത്തില്‍ നിന്നുള്ളവരെ ഒഴിവാക്കി നാട്ടുകാരായ ആളുകളെ ജോലിക്കെടുത്ത് തുടങ്ങിയിട്ടുണ്ടെന്ന് കർണാടകയിൽ ജോലി ചെയ്യുന്ന ഉത്തര കാസർകോട് സ്വദേശികൾ പറയുന്നു. അതിര്‍ത്തി പ്രദേശമെന്ന പരിഗണന നല്‍കി ക്വാറൈൻ്റിനല്ലാതെ പോയി വരാനുളള സൗകര്യം മാത്രമാണ് ഇവരുടെ ആവശ്യം.  കാസര്‍കോഡ് ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ഉള്ളവരൊക്കെ ജോലിക്ക് പോയി തുടങ്ങിയെങ്കിലും ഇവരുടെ കാര്യം എന്താകുമെന്ന കാര്യത്തിൽ ഒരു സൂചനയുമില്ല.