മലപ്പുറം: ബൈക്ക് യാത്രക്കാരായ വിദ്യാർത്ഥികളെ പൊലീസ് സ്റ്റേഷനില്‍ വച്ച് സി ഐ മർദ്ദിച്ചെന്ന് ആരോപിച്ച് നാട്ടുകാർ കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ ഹിഷാം ഹൈദർ, ബി കോം വിദ്യാർത്ഥി റിഷാദ് എന്നിവരെ സി ഐ മണികണ്ഠൻ പൊലീസ് സ്റ്റേഷനില്‍ മർദ്ദിച്ചെന്നാണ് പരാതി. പൊലീസിന്‍റെ വാഹന പരിശോധനക്കിടെ നിർത്താതെ പോയ ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

ബൈക്കിൽ മൂന്നു പേരുണ്ടായിരുന്നതുകൊണ്ട് നിർത്താതെ പേടിച്ചാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പൊലീസ് പിന്തുടർന്നതോടെ ഒരാൾ ഓടി രക്ഷപ്പെട്ടു. മറ്റ് രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിയ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാർ ബഹളം വച്ചതോടെ ഇരുവരേയും പൊലീസ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.