നാറ്റോയുടെ ദ്രുതപ്രതികരണ സേനയെ കര,വ്യോമ, സമുദ്ര മേഖലകളിലായി വിന്യസിച്ചു കഴിഞ്ഞെന്നാണ് സെക്രട്ടറി ജനറൽ അറിയിക്കുന്നത്. വിവിധ നാറ്റോ രാജ്യങ്ങൾ യുക്രൈനായി ആയുധങ്ങൾ കൈമാറുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂയോർക്ക്: യുക്രൈനുമായി അതിർത്തി പങ്കിടുന്ന നാറ്റോ രാഷ്ട്രങ്ങളിലേക്ക് യുദ്ധസജ്ജരായ കമാൻഡോകളെ വിന്യസിക്കുകയാണെന്നും റഷ്യൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും യുക്രൈൻ തീരത്തേക്ക് നീങ്ങുന്നുണ്ടെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് വെള്ളിയാഴ്ച പറഞ്ഞു.
നാറ്റോയുടെ ദ്രുതപ്രതികരണ സേനയെ കര,വ്യോമ, സമുദ്ര മേഖലകളിലായി വിന്യസിച്ചു കഴിഞ്ഞെന്നാണ് സെക്രട്ടറി ജനറൽ അറിയിക്കുന്നത്. വിവിധ നാറ്റോ രാജ്യങ്ങൾ യുക്രൈനായി ആയുധങ്ങൾ കൈമാറുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഏതൊക്കെയാണ് ഈ രാജ്യങ്ങളെന്നും ഏതൊക്കെ തരം ആയുധങ്ങളാണ് നൽകുന്നതെന്നും വിശദീകരിക്കാൻ നാറ്റോ തയ്യാറായിട്ടില്ല. യുക്രൈന് പിന്തുണ നൽകാൻ നാറ്റോ സഖ്യകക്ഷികൾ പ്രതിജ്ഞാബദ്ധരാണ്. നാറ്റോരാഷ്ട്രങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും സെക്രട്ടറി ജനറൽ പറഞ്ഞു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് യുക്രൈനിൽ റഷ്യയിപ്പോൾ നടത്തുന്നതെന്ന് - നാറ്റോ രാജ്യങ്ങളുടെ യോഗത്തിന് ശേഷം സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് വ്യക്തമാക്കി. നാറ്റോയുടെ ദുത്രപ്രതികരണ സേനയിൽ നാൽപ്പതിനായിരം സൈനികരുണ്ടെങ്കിലും അത്രയും പേരെ ഈ ഘട്ടത്തിൽ വിന്യസിക്കുന്നില്ലെന്നാണ് വിവരം. ഫ്രാൻസ് നേതൃത്വം നൽകുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വിഭാഗമാണ് നിലവിൽ യുക്രൈൻ അതിർത്തികളിലേക്ക് വിന്യസിക്കപ്പെട്ടത്.
റഷ്യയുടെ അയൽരാജ്യമായ എസ്തോണിയ മുതൽ സംഘർഷ ബാധിതമായ യുക്രെയ്‌നിന്റെ വടക്ക്, തെക്ക് കരിങ്കടൽ തീരത്ത് ബൾഗേറിയ വരെയുള്ള നാറ്റോ അംഗങ്ങൾ വെള്ളിയാഴ്ചത്തെ യോഗത്തിൽ യുക്രൈനിലേയും കിഴക്കൻ യൂറോപ്പിലേയും സാഹചര്യങ്ങളിൽ ആശങ്ക അറിയിച്ചു. യുക്രൈനിൽ നിന്നും ആയിരക്കണക്കിന് ആളുകൾ കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്പിലേക്ക് അഭയാർത്ഥികളായി എത്തിയിട്ടുണ്ട്. സൈനികസേവനത്തിനുള്ള പ്രായപരിധിയിലുള്ള പുരുഷൻമാരെ രാജ്യം വിടാൻ യുക്രൈൻ അനുവദിക്കുന്നില്ല. അതിനാൽ അതിർത്തി കടന്നെത്തുന്നവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമാണ്.
