കണ്ണൂർ: കെ എം ഷാജിക്കെതിരെ താനുന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി നൗഷാദ് പൂതപ്പാറ. പാർട്ടിക്ക് കിട്ടേണ്ട പണം കെഎം ഷാജി തട്ടിയെടുത്തുവെന്ന് അദ്ദേഹം വീണ്ടും ആരോപിച്ചു. മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2014 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിലാണ് കെഎം ഷാജിക്കെതിരെ ആരോപണം ഉയർന്നത്.

മുസ്ലിം ലീഗിന് ഓഫീസ് കെട്ടിടം നിർമ്മിക്കാൻ മാനേജ്മെന്റ് വാഗ്ദാനം ചെയ്ത 25 ലക്ഷം രൂപയാണ്, പാർട്ടി അറിയാതെ കെഎം ഷാജി എംഎൽഎ വാങ്ങിയതെന്നാണ് നൗഷാദ് പൂതപ്പാറയുടെ ആരോപണം. ഈ പരാതി മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. മുസ്ലിം ലീഗിന്റെ അഴീക്കോട്ടെ പ്രാദേശിക നേതാവായിരുന്നു നൗഷാദ്.