ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാൽ ഓട്ടം നിർത്തിയിരുന്നു.
കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും സ്റ്റാർട്ടായി. ഒരാള്‍ പോലും ടിക്കറ്റെടുക്കാത്തതിനാല്‍ രണ്ട് ദിവസമായി കട്ടപ്പുറത്തായ നവകേരള ബസ് ഇന്ന് വീണ്ടും സര്‍വീസ് ആരംഭിച്ചു. വെറും എട്ട് യാത്രക്കാരുമായാണ് കോഴിക്കോട് നിന്ന് ബസ് ബംഗളൂരുവിലേക്ക് ഇന്ന് സര്‍വീസ് പുനരാരംഭിച്ചത്. കോഴിക്കോട് ബംഗളൂരു റൂട്ടിലോടുന്ന ഗരുഡ പ്രീമിയം ബസ് രണ്ട് ദിവസമായി ആളില്ലാത്തതിനാല്‍ സര്‍വീസ് നടത്തിയിരുന്നില്ല. ഒരു ലാഭവും ഇല്ലാതെയായിരിക്കും ബസിന്‍റെ ഇന്നത്തെ സർവീസ്. വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് ചില ദിവസങ്ങളിൽ സർവീസ് നടത്തുന്നത്.
പുഷ്ബാക്ക് സീറ്റുകള്‍, ഹൈഡ്രോളിക് ലിഫ്റ്റ്, ആധുനിക രീതിയില്‍ എസി, ശുചിമുറി, വാഷ്ബേസിന്‍... എന്തുണ്ടായിട്ടെന്താ നവ കേരള ബസില്‍ കയറാന്‍ ആളില്ല. ബുധനും വ്യാഴവും കയറാന്‍ ബുക്കിങില്ലാത്തതിനാല്‍ നവകേരള ബസ് ഓടിയിരുന്നില്ല. വിരലിലെണ്ണാവുന്ന ബുക്കിങ് വന്നതുകൊണ്ട് ഇന്നിപ്പോള്‍ പുലര്‍ച്ചെ വരുമാനമില്ലാതെ സര്‍വീസ് നടത്തിയിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കിയിറക്കിയ ബസ് ഇങ്ങനെ ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ നോക്കുകുത്തിയാകുന്നെന്ന ആക്ഷേപവും ശക്തം. ഉയര്‍ന്ന നിരക്കും സമയ ക്രമീകരണത്തിലെ പ്രശ്നങ്ങളുമാണ് ബുക്കിങ് കുറയുന്നതിന് കാരണമെന്നാണ് ജീവനക്കാരുടെ വിലയിരുത്തല്‍.
ഷെഡ്യൂള്‍ സമയം മാറ്റണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിപ്പോയില്‍ നിന്നും അപേക്ഷ നല്‍കിയിട്ടും തീരുമാനമായിട്ടില്ല. നവകേരള യാത്രയ്ക്കുപയോഗിച്ച ബസ് മാറ്റങ്ങള്‍ വരുത്തി മെയ് മാസം 5 മുതലാണ് കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ 1240 രൂപ നിരക്കില്‍ സര്‍വീസ് തുടങ്ങിയത്. പുലര്‍ച്ചെ 4 മണിക്ക് ബെംഗളുരുവിലേക്കും ഉച്ചയ്ക്ക് 2.30 തിന് തിരിച്ചുമുള്ള സര്‍വീസുകളില്‍ ആദ്യം തിരക്കുണ്ടായിരുന്നെങ്കിലും പിന്നീട് ബുക്കിങ് കുറയുകയായിരുന്നു.
