Asianet News MalayalamAsianet News Malayalam

നവ കേരള സദസ്സിന് കോടികൾ പിരിച്ചു, സുതാര്യമല്ലെന്ന് ഹര്‍ജിക്കാരൻ; അനുമാനം മാത്രമെന്ന് കോടതി; വിശദീകരിച്ച് എജി

അനുമാനങ്ങൾ വിളിച്ച് പറയാൻ കോടതിയെ ഉപയോഗിക്കരുതെന്ന് ഹര്‍ജിക്കാരനോട് ഡിവിഷൻ ബെഞ്ച്

Nava Kerala sadass sponsorship Kerala high court criticises complainant kgn
Author
First Published Dec 19, 2023, 1:16 PM IST

കൊച്ചി: നവകേരള സദസിന് ജില്ലാ കലക്ടർമാർ സ്പോണ്‍സർഷിപ്പിലൂടെ പണം പിരിക്കണമെന്ന ഉത്തരവിൽ വ്യക്തതയുണ്ടെന്ന് സർക്കാർ. സ്പോൺസർഷിപ്പ് എന്തിനൊക്കെ ആവാം എന്ന് കൃത്യമായി ഉത്തരവിൽ പറഞ്ഞിട്ടുണ്ടെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. സ്പോണ്‍സർമാർ സന്നദ്ധരായി വന്നാൽ കലക്ടർമാർ നേരിട്ട് പണം പിരിക്കേണ്ടതില്ലെന്നും മലയാളത്തിലുള്ള ഉത്തരവിൽ ഇക്കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 

കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് നവകേരളസദസ് നടത്തുന്നതെന്നും ഒന്നും സുതാര്യമല്ലെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ പലതും അനുമാനം മാത്രമാണെന്ന് കോടതി വിമർശിച്ചു. അത്തരം കാര്യങ്ങൾ വിളിച്ച് പറയാൻ കോടതിയെ ഉപയോഗിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജിയിൽ ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതി വീണ്ടും വാദം കേൾക്കും.

നവകേരള സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായാണ് ഹർജി സമര്‍പ്പിച്ചത്. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി പരസ്യങ്ങളിലൂടെ വിഭവ സമാഹാരണം നടത്താനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. പണം  സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗനിർദേശങ്ങൾ  ഇല്ലെന്ന കാരണത്താലാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. അതേസമയം പണം നേരിട്ടോ റസീറ്റ് നൽകിയോ പിരിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം എന്നാണ് സർക്കാർ വിശദീകരണം. സ്പോൺസർഷിപ്പിലൂടെ വിഭവ സമാഹരണം നടത്താൻ ആണ് പറഞ്ഞിട്ടുള്ളതെന്നും  സർക്കാർ വിശദീകരിച്ചിരുന്നു. നവ കേരള സദസിൽ ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിടാൻ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തയ്യാറായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios