തിരുവനന്തപുരം: നവകേരള മിഷനില്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിച്ച് കേരള സര്‍ക്കാറിന്‍റെ മ്യൂസിക് വീഡിയോ അവതരിപ്പിച്ചു. കേരള സര്‍ക്കാറിന് വേണ്ടി പബ്ലിക് റിലേഷൻസ് വകുപ്പാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.കാര്‍ഷിക ,ജലസംരക്ഷണം എന്നിവയ്ക്കായി  " ഹരിതകേരളം " മിഷൻ  , സമ്പൂർണ്ണ പാർപ്പിട ലക്ഷ്യവുമായി " ലൈഫ് ", ആരോഗൃരംഗത്തെ കാതലായ മാറ്റങ്ങൾക്ക് " ആർദ്രം ", വിദ്യാഭ്യാസരംഗത്തെ മുന്നേറ്റങ്ങൾക്ക് " പൊതുവിദ്യാഭ്യാസ യജഞം " എന്നിങ്ങനെ നാല് പദ്ധതികളാണ് നവകേരള മിഷനിലുള്ളത്. ഇവയുടെ വിജയകരമായ നടത്തിപ്പാണ് വീഡിയോയിലെ വിഷയം.

വികസനവഴികളിലൂടെ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ കാഴ്ചകളാണ്  മ്യൂസിക്  വീഡിയോയുടെ ഉള്ളടക്കം . ബാലതാരം ഡാവിഞ്ചിയും മീനാക്ഷിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. വിഷ്വല്‍ സറ്റോറി ടെല്ലേഴ്‌സ്  രീതിയിലാണ് ആഖ്യാനം . ചെറിയ സമയത്തിനുള്ളില്‍ ദൃശ്യങ്ങളിലൂടെ സംവദിക്കുന്ന കഥകള്‍ പറയാനുള്ള ശ്രമം .

ലൂക്ക, സോളോ, വള്ളീം തെറ്റി പുള്ളീം തെറ്റി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്.നാടിന്റെ ഒരുമയും നന്മയുമെല്ലാം പ്രതിപാദിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ സഖാവ് എന്ന കവിത രചിച്ച സാം മാത്യുവാണ്. വൈറസ് സിനിമയുടെ അസിസ്റ്റന്റ് ക്യാമറാമാൻ ബിലുവാണ് ഛായാഗ്രഹണം. റോണി , ജോയൽ  എന്നിവരാണ് സംവിധായകർ.