കോട്ടയം: മുന്നണിമാറ്റത്തെച്ചൊല്ലിയുള്ള എൻസിപി സംസ്ഥാന ഘടകത്തിലെ തർക്കത്തിൽ കേന്ദ്ര നേതൃത്വം ഇടപെടുന്നു. പ്രശ്ന പരിഹാരത്തിനായി കേരളത്തിലെ നേതാക്കളുമായി ഉടൻ ച‍ർച്ച നടത്തുമെന്ന് എൻസിപി ദേശീയ നേതാവ് പ്രഫുൽ പട്ടേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എൻസിപിയുടെ മുന്നണി പ്രവേശം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കി

നിയമസഭാ സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ മുന്നണി മാറ്റച്ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നതാണ് എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. എൻസിപി ഇടതിനൊപ്പമോ അതോ യുഡിഎഫിലേക്കോ എന്നത് ദിവസങ്ങൾക്കകം വ്യക്തമാകും. സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുത്തി മുന്നണിയില്‍ തുടരേണ്ടെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിന്. പക്ഷേ എകെ ശശീന്ദ്രൻ ഒപ്പമുണ്ടാകില്ലെന്നതാണ്  പ്രശ്നം. ഞായറാഴ്ച ദേശീയ നേതാവ് പ്രഫുൽ പട്ടേൽ കേരളത്തിലെത്തും.

ദേശീയ നേതാക്കള്‍ കേരളത്തിലെത്തും മുൻപേ അവരെ അങ്ങോട്ട് പോയി കണ്ട് നിലപാട് അറിയാക്കാനാണ് എൻസിപി സംസ്ഥാന ഘടകത്തിലെ ഇരുവിഭാഗത്തിന്‍റെയും നീക്കം. നാളെ ദില്ലിയിൽ പ്രഫുൽ പട്ടേലുമായി കൂടിക്കാഴ്ച നടത്തുന്ന എ കെ ശശീന്ദ്രൻ മറ്റന്നാൾ മുംബൈയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെയും കാണും. മാണി സി കാപ്പനും ഈയാഴ്ച പവാറിനെ കാണുന്നുണ്ട്. എൻസിപി മുന്നണി പ്രവേശനം കേരളത്തിലെ നേതാക്കളുമായി ആലോചിക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവറിന്‍റെ പ്രതികരണം. 

Read More: എൻസിപിയുടെ യുഡിഎഫ് മുന്നണി പ്രവേശനം: സാധ്യത തള്ളാതെ താരീഖ് അൻവർ

യുഡിഎഫിലുള്ളത് പോലെ എല്‍ഡിഎഫിലും തമ്മിലടിയുണ്ടെന്ന് വരുത്താനുള്ള ഗൂഡാലോചനയാണ് ഇപ്പോഴത്തെ വാര്‍ത്തകളെന്ന് എ കെ ശശ്രീന്ദ്രൻ പറഞ്ഞു. പാലാ സീറ്റിനെകുറിച്ച് ഇടത് മുന്നണിയിലോ കേരളാ കോണ്‍ഗ്രസിലോ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം.