Asianet News MalayalamAsianet News Malayalam

കുണ്ടറ പീഡന വിവാദത്തിൽ എ കെ ശശീന്ദ്രനെ താക്കീത് ചെയ്ത് എൻസിപി; ആറ് പേരെ സസ്പെൻഡ് ചെയ്തു

ഫോൺ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്നാണ് എൻസിപി മന്ത്രി ശശീന്ദ്രന് നൽകിയിരിക്കുന്ന നിർദ്ദേശം. പ്രവർത്തകർ ഇനി ശുപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിർദ്ദേശമുണ്ട്

ncp gives warning to minister a k saseendran in phone call controversy suspends six members from party
Author
Trivandrum, First Published Jul 26, 2021, 2:47 PM IST

തിരുവനന്തപുരം: കുണ്ടറ പീഡന പരാതി വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ എൻസിപി താക്കീത് ചെയ്തു. പാർട്ടിൽ ആറ് പേർക്ക് വിഷയത്തിൽ സസ്പെൻഷനും നൽകി. പാ‍ർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയവരെ സസ്പെൻഡ് ചെയ്യുകയാണെന്നാണ് എൻസിപി സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോയുടെ വിശദീരകരണം. 

ഫോൺ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്നാണ് എൻസിപി മന്ത്രി ശശീന്ദ്രന് നൽകിയിരിക്കുന്ന നിർദ്ദേശം. പ്രവർത്തകർ ഇനി ശുപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങൾക്ക് സമീപിക്കാവൂ എന്നാണ് പാർട്ടി തീരുമാനം. 

കുണ്ടറ ബ്ലോക്ക് പ്രസിഡൻ്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹണി വിക്ടോ, സംസ്ഥാന സമിതി അംഗങ്ങളായ ജയൻ പുത്തൻപുരയ്ക്കൽ, സലീം കാലിക്കറ്റ് എന്നിവരെയും എൻവൈസി കൊല്ലം പ്രസിഡൻ്റ് ബിജുവിനെയും ആണ് എൻസിപി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 

മന്ത്രി എ കെ ശശീന്ദ്രനുമായുള്ള ഫോൺ സംഭാഷണം റെക്കോ‍ർഡ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് ഇവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. പ്രദീപ് കുമാർ മന്ത്രിയെ കൊണ്ട് ഫോൺ ചെയ്യിപ്പിച്ചുവെന്നും ഹണി വിക്ടോ ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ്റെ വിശദീകരണം. 

പല ക്രിമിനൽ കേസുകളിലും ബെനഡിക്ട് പ്രതിയാണെന്നും അച്ചടക്കത്തിന്റെ കൂടി ഭാഗമായാണ് നടപടിയെന്നും പി സി ചാക്കോ വിശദീകരിച്ചു. 

Follow Us:
Download App:
  • android
  • ios