തൃക്കാക്കരയിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ അഭിനന്ദിച്ചു. പിണറായി വിജയനെ തൂത്തെറിയാൻ ജനങ്ങൾ തീരുമാനിച്ച തെരഞ്ഞെടുപ്പാണിതെന്നും തനിക്ക് വോട്ട് ചെയ്ത 21,444 വോട്ടർമാർക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 50,211 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്.

കൊച്ചി: തൃക്കാക്കരയിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനെ അഭിനന്ദിച്ച് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. പിണറായി വിജയനെ തൂത്തെറിയാൻ ജനങ്ങൾ ഒന്നടങ്കം തീരുമാനിച്ച ഈ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൻഡിഎയെ വിശ്വസിച്ച 21444 പേർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് അഖിൽ മാരാർ കുറിച്ചു. അതിഗംഭീരമായ വിജയം നേടി അധികാരത്തിൽ എത്തിയ യുഡിഎഫിനും ഉമ തോമസിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും അഖിൽ മാരാർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

യുഡിഫ് സുനാമി ആഞ്ഞടിച്ചപ്പോഴും കേരളത്തിൽ മൂന്ന് താമര വിരിയിച്ച രാജീവേട്ടനും ഗോപേട്ടനും മുരളിയേട്ടനും അഭിനന്ദനങ്ങളെന്നും അഖിൽ മാരാർ കുറിച്ചു. ഒരു കൗൺസിലർ പോലും ഇല്ലാത്ത ഒരു നിയോജക മണ്ഡലത്തിൽ തനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച എൻഡിഎയിലെ എല്ലാ പ്രവർത്തകർക്കും ഒരായിരം നന്ദിയെന്നും അഖിൽ മാരാർ പറഞ്ഞു.

ഉമ തോമസിന് 50,211 വോട്ടിന്‍റെ ഭൂരിപക്ഷം

യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് 83,375 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് 33,164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ 21,444 വോട്ടുകളും നേടി. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31, 33, 34, 36 മുതൽ 51 വരെയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്ന മണ്ഡലമാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. കൊച്ചി നഗരത്തിന്‍റെ വികാസത്തിനൊപ്പം അതിവേഗം വളരുന്ന ഉപനഗരമാണ് തൃക്കാക്കര. മണ്ഡലം രൂപീകൃതമായത് മുതൽ യുഡിഎഫ് മാത്രമാണ് മണ്ഡലത്തിൽ വിജയിച്ചിട്ടുള്ളത്. ഒരു സമുദായത്തിനും മണ്ഡലത്തിൽ തനിച്ച് ആധിപത്യമില്ല. പ്രൊഫഷണലുകളും ശമ്പളക്കാരായ ഉദ്യോഗസ്ഥരും ചെറുകിട സംരംഭകരും അടങ്ങുന്ന വലിയൊരു മധ്യവർഗം ഇവിടെയുണ്ട്.

2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ബെന്നി ബെഹന്നാൻ ആയിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 65,854 വോട്ടുകളാണ് ബെന്നി ബെഹന്നാന് ലഭിച്ചത്. 2016ലെ തെരഞ്ഞെടുപ്പ് മുതലാണ് പി ടി തോമസ് മണ്ഡലത്തിൽ മത്സരിക്കുന്നത്. 11,966 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പി ടി തോമസ് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിനെയാണ് പരാജയപ്പെടുത്തിയത്. 2021ലെ തെരഞ്ഞെടുപ്പിൽ പി ടി തോമസിനെ തന്നെ വീണ്ടും കോൺഗ്രസ് രംഗത്ത് ഇറക്കുകയായിരുന്നു. ഇടതു പക്ഷത്തിനായി ജെ ജേക്കബ് ശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പി ടി തോമസ് വിജയിച്ചു.