കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയിലെ തെരച്ചില്‍ ദേശീയദുരന്തനിവാരണസേന അവസാനിപ്പിച്ചു. ഇനി നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രാദേശികമായി തെരച്ചിലുണ്ടാവും. പുത്തുമല ദുരന്തത്തില്‍പ്പെട്ട് കാണാതായ അഞ്ച് പേരില്‍ നാല് പേരുടേയും കുടുംബങ്ങള്‍ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന തീരുമാനം അംഗീകരിച്ചു. എന്നാല്‍ പുത്തുമല സ്വദേശി ഹംസക്ക് വേണ്ടി ഒരിക്കല്‍ കൂടി തെരച്ചില്‍ നടത്തണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഹംസക്ക് വേണ്ടി തിങ്കളാഴ്ച പൊലീസും ഫയർഫോഴ്‌സും പുത്തുമലയിലെ മസ്ജിദിനോട് ചേർന്ന് തിരച്ചിൽ നടത്തും. 

16 ദിവസം നീണ്ട തിരച്ചിൽ പ്രവർത്തനങ്ങളിൽ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു. അഞ്ചു പേരെയാണ് ഇനിയും ദുരന്തഭൂമിയില്‍ നിന്നും കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിൽ ശ്രമങ്ങളില്‍ ആരേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 

ഇതോടെയാണ് കാണാതായവരുടെ ബന്ധുക്കളോട് കൂടി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മേപ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു. മനുഷ്യസാധ്യമായ എല്ലാ രീതിയിലും തെരച്ചില്‍ നടത്തിയെന്നും ലഭ്യമായ എല്ലാ സംവിധാനങ്ങളും തെരച്ചിലിന് വേണ്ടി ഉപയോഗിച്ചെന്നും യോഗത്തില്‍ പങ്കെടുത്ത ദേശീയദുരന്തനിവാരണസേന, അഗ്നിരക്ഷാസേന, പൊലീസ്, സന്നദ്ധസംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ കാണാതായവരുടെ ബന്ധുക്കളെ അറിയിച്ചു. 

ജില്ലാ ഭരണകൂടം നടത്തിയ തെരച്ചില്‍ സംതൃപ്തിയുണ്ടെന്നും തെരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായും ഇനിയും കണ്ടെത്താനുള്ള അഞ്ചില്‍ നാലു പേരുടേയും കുടുംബാംഗങ്ങള്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ ഒരിടത്ത് കൂടി തെരച്ചില്‍ നടത്തണമെന്ന് കാണാതായ ഹംസയുടെ മകന്‍ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ വരുന്ന തിങ്കളാഴ്ച പുത്തുമല പച്ചക്കാട് ഭാഗത്ത് നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും കൂടി തെരച്ചില്‍ നടത്തും. അടുത്ത ദിവസം ഹംസയുടെ ഒരു ബന്ധുവിന്‍റെ കല്ല്യാണം ഉള്ളതിനാലാണ് തെരച്ചില്‍ തിങ്കളാഴ്ചയിലേക്ക് നീട്ടിയത്.  യോഗത്തിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. സഹദ് എന്നിവർ പങ്കെടുത്തു.