വയനാട്: അതിശക്തമായ മണ്ണിടിച്ചില്‍ ദുരന്തം വിതച്ച പുത്തുമലയിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള ദേശീയ ദുരന്തര നിവാരണസേനയുടെ തെരച്ചില്‍ അവസാനിപ്പിക്കുന്നു. അതേസമയം ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരും. ഇനിയും കണ്ടെത്താനുള്ള അഞ്ചുപേരില്‍ നാലുപേരുടെ ബന്ധുക്കള്‍ തെരച്ചില്‍ നിര്‍ത്തുന്നതിന് സമ്മതിച്ചിരുന്നു. ഒരു കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് ഫയര്‍ഫോഴ്സിന്‍റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നത്. 

പുത്തുമലയില്‍ കാണാതായവരുടെ ബന്ധുക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന തെരച്ചിൽ പ്രവർത്തനങ്ങളിൽ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു. അഞ്ച് പേരെയാണ് പുത്തുമലയില്‍ നിന്നും ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ ശ്രമങ്ങൾ ഫലം ചെയ്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മേപ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു. 

കാണാതായ അഞ്ചുപേരില്‍ നാലുപേരുടെ കുടുംബങ്ങള്‍ തെരച്ചില്‍ അവസാനിപ്പിക്കാമെന്ന അഭിപ്രായം യോഗത്തില്‍ മുന്നോട്ടുവെച്ചു. എന്നാല്‍, ഒരിടത്തുകൂടി തെരച്ചില്‍ നടത്തണമെന്ന് കാണാതായ പുത്തുമല സ്വദേശി ഹംസയുടെ മകന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പച്ചക്കാട് ഭാഗത്ത് തെരച്ചില്‍ നടത്തും. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച രണ്ട് മൃതദേഹങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാനുള്ള ഡിഎന്‍എ ഫലം ലഭ്യമായിട്ടില്ല.