കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഇടുക്കി മജിസ്ട്രേറ്റിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാൻ ഹൈക്കോടതി തീരുമാനം. പ്രശ്നത്തിൽ ഇടുക്കി മജിസട്രേറ്റ് രശ്മി രവീന്ദ്രന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിനെ റിമാൻഡ് ചെയ്തത് നെടുങ്കണ്ടം മജസ്ട്രേറ്റിന്‍റെ ചുമതല വഹിച്ചിരുന്ന ഇടുക്ക് മജിസ്ട്രേറ്റ് രശ്മി രവീന്ദ്രൻ ആയിരുന്നു. സംഭവത്തിൽ മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ചീഫ് ജസ്റ്റീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊടുപപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ നിയോഗിച്ചു. പൊലീസ് കസ്റ്റഡിയിൽ നിന്നും അവശനിലയിൽ വന്ന പ്രതിക്ക് വൈദ്യസഹായത്തിനും മൊഴി രേഖപ്പെടുത്തുന്നതിലും ഇടുക്കി മജിസ്ടേറ്ററ്റിന് വീഴ്ച സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 

സംഭവത്തിൽ മജിസട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇതേ തുടർന്നാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനം എടുത്തത്. മജിസ്ട്രേറ്റിന്‍റെ വീഴ്ച സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് തൃശ്ശൂർ മണ്ണുത്തിയിലുള്ള നേർക്കാഴ്ച സമിതി സെക്രട്ടറിയും കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ഹൈക്കോടതി രജിസ്ട്രാർ ഇവരെയും അറിയിച്ചിട്ടുണ്ട്.