Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും

ഒന്നര വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ജുഡീഷ്യൽ കമ്മീഷൻ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ റിപ്പോർട്ട് സമർപ്പിക്കുന്നത്

nedumkandam custody death judicial commission report will submit today
Author
Kochi, First Published Jan 7, 2021, 12:47 AM IST

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. രാവിലെ 11ന് ജസ്റ്റിന് നാരായണ കുറുപ്പ് കമ്മീഷനാണ് റിപ്പോർട്ട് സമർപ്പിക്കുക. ‌ഇരുന്നൂറോളം പേജുകളും അറുപത് സാക്ഷികളും ഉൾപ്പെടുന്നതാണ് റിപ്പാർട്ട്.

ഒന്നര വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ജുഡീഷ്യൽ കമ്മീഷൻ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ റിപ്പോർട്ട് സമർപ്പിക്കുന്നത്. രാജ് കുമാറിന്റെ മരണം ന്യുമോണിയമൂലമെന്ന് വരുത്തിതീർക്കാനുള്ള പൊലീസ് ശ്രമം പൊളിഞ്ഞത് ജുഡീഷ്യൽ കമ്മീഷന്‍റെ വരവോടെയായിരുന്നു.

2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ് സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജീവച്ഛവമായപ്പോൾ മജിസ്ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ് 21ന് ജയിലിൽ വച്ചാണ് മരിക്കുന്നത്.

ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാൽ ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബു അടക്കമുള്ള 7 പൊലീസുകാരെ അറസ്റ്റും ചെയ്തു. എന്നാൽ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യൽ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത്.

കമ്മീഷന്റെ നിർദ്ദേശപ്രകാരം ജൂലൈ 29ന് രാജ്കുമാറിന്‍റെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോർട്ടം ചെയ്തു. രാജ് കുമാറിന്‍റെ മരണം ന്യുമോണിയ മൂലമെന്ന ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളുന്നതായിരുന്നു രണ്ടാം റിപ്പോർട്ട്. ആദ്യ സർജൻമാർ മനപ്പൂർവം കൃത്രിമം കാണിച്ചുവെന്നും കമ്മീഷൻ കണ്ടെത്തി. ഒന്നര വർഷത്തിനിടെ 200 ലധികം പേരിൽ നിന്നാണ് കമ്മീഷൻ ഇടുക്കിയിലും കൊച്ചിലെ കമ്മീഷൻ ഓഫീസിൽ നിന്നുമൊക്കെയായി തെളിവെടുത്തത്. അതേസമയം കഴിഞ്ഞ വർഷം ആദ്യം കേസ് ഏറ്റെടുത്ത സിബിഐയുടെ അന്വേഷണവും ഏതാണ്ട് അന്തിമഘട്ടത്തിലാണ്.

Follow Us:
Download App:
  • android
  • ios