ദില്ലി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിലെ ഒന്നാം പ്രതിയും എസ്ഐയുമായ കെ.എ. സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് അന്വേഷണം എന്ന് അവസാനിക്കുമെന്ന് അറിയിക്കാൻ കഴിഞ്ഞതവണ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സിബിഐയ്ക്ക് നിർദേശം നൽകിയിരുന്നു. 

കേസിൽ കുറ്റപത്രം എപ്പോൾ സമർപ്പിക്കുമെന്നും ഇന്ന് കോടതിയെ അറിയിക്കണം. സാബു ജാമ്യത്തിൽ നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് സർക്കാരിന്റെ വാദം.

ജൂണ്‍ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് സബ്‍ ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.