Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡി മരണം: അവശനായ പ്രതിയെ ജയിലിലേക്ക് മാറ്റിയത് ഡോക്ടറുടെ നി‍ർദേശം മറികടന്ന്

പ്രതി വല്ലാതെ ഭയപ്പെട്ടിരുന്നതായും കാണപ്പെട്ടു. ഇത് കണക്കിലെടുക്കാതെയാണ് പൊലീസ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടർമാരായ വിഷ്ണു, പദ്മദേവ് എന്നിവ‍ർ പറഞ്ഞു

nedunkandam custody death, doctors on health condition of rajkumar
Author
Idukki, First Published Jun 27, 2019, 12:25 PM IST

ഇടുക്കി: ഇടുക്കി പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി രാജ്കുമാറിനെ ആദ്യം ചികിത്സിച്ച നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടർമാർ. എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന പ്രതി, ജയിലിലേക്ക് മാറ്റാൻ പറ്റിയ സാഹചര്യത്തിലല്ലായിരുന്നു. ഇയാൾ വല്ലാതെ ഭയപ്പെട്ടിരുന്നതായും കാണപ്പെട്ടു. ഇത് കണക്കിലെടുക്കാതെയാണ് പൊലീസ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടർമാരായ വിഷ്ണു, പദ്മദേവ് എന്നിവ‍ർ പറഞ്ഞു.

ജയിലിൽ എത്തിക്കുമ്പോൾ തന്നെ രാജ്‌കുമാറിന്‍റെ സ്ഥിതി മോശമായിരുന്നെന്നും മോശം ആരോഗ്യാവസ്ഥയിലായിരുന്ന പ്രതിയെ പൊലീസുകാർ എടുത്താണ് ജയിലിനകത്ത് എത്തിച്ചതെന്നും പീരുമേട് ജയിൽ സൂപ്രണ്ടും വെളിപ്പെടുത്തിയിരുന്നു. പിറ്റേന്ന് നില കൂടുതൽ വഷളായപ്പോൾ പീരുമേട് ആശുപത്രിയിൽ കൊണ്ടുപോയെന്നും ജയിൽ സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാജ്കുമാറിന്‍റെ കാലിന് മുറിവേറ്റിരുന്നു. ഇയാൾ നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു. ഇതെന്ത് പറ്റിയെന്ന് പൊലീസുകാർ ചോദിച്ചപ്പോൾ ഓടി മതിലിൽ കയറി, അവിടെ നിന്ന് വീണതാണെന്ന് പ്രതി പറഞ്ഞുവെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.  പൊലീസ് പറഞ്ഞത് 16-ാം തിയ്യതി രാവിലെ 8.30 നാണ് പ്രതിയെ ജയിലിലെത്തിച്ചതെന്നായിരുന്നു. എന്നാൽ ഇതിന് വിപരീതമായി 17-ാം തിയ്യതി പുലർച്ചെ ഒന്നരക്കാണ് രാജ് കുമാറിനെ ജയിലിലെത്തിച്ചതെന്നാണ് ജയിൽ സൂപ്രണ്ട് പറയുന്നത്.

കേസിൽ എറണാകുളം ക്രൈംബ്രാഞ്ച് ഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം കേസന്വേഷിക്കുന്നത്. മരിച്ച രാജ് കുമാറിന്‍റെ സ്ഥാപനമായ ഹരിതാ ഫൈനാൻസിയേഴ്സിലും പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. 

അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 15 ദിവസത്തിനകം നൽകാനാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ സംഭവത്തിൽ നാല് പൊലീസുകാരെ കൂടി സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റർ റോയ് പി വർഗീസ്, അസിസ്റ്റന്‍റ് റൈറ്റർ ശ്യാം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, ബിജു എന്നിവർക്കാണ് സസ്പെൻഷൻ. കൃത്യ നിർവഹണത്തിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാലിന്‍റേതാണ് നടപടി. 

ഇതോടെ കേസിൽ സസ്പെൻഷനിൽ ആവുന്ന പൊലീസുകാരുടെ എണ്ണം എട്ടായി. ഒമ്പത് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ സ്വദേശി രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് രാജ്കുമാറിന്‍റെ മരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
 

Follow Us:
Download App:
  • android
  • ios