കാസർകോട്: നീലേശ്വരം പീഡന കേസിൽ പതിനാറുകാരിയുടെ ഗർഭച്ഛിദ്രം നടത്തിയിട്ടും പൊലീസിൽ അറിയിക്കാതിരുന്ന ‍ഡോക്ടമാർക്കെതിരെ കേസെടുക്കാത്തതിന് പൊലീസിനെതിരെ നടപടി. ജില്ലാ ജഡ്ജ് കൂടിയായ കാസർകോട് ജുവനൈൽ ജസ്റ്റിസ് ചെയർമാൻ നീലേശ്വരം സിഐക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.

മദ്രസാധ്യാപകനായ അച്ഛനുൾപ്പെടെ ഏഴ് പേർ പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയിൽ കഴി‌ഞ്ഞ മാസം 19നാണ് പൊലീസ് കേസെടുത്തത്. നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന് അന്ന് തന്നെ പെൺകുട്ടി മൊഴി നൽകിയിരുന്നു. രണ്ട് ദിവസം മുമ്പ് വീട്ടുപറമ്പിൽ പെൺകുട്ടിയുടെ അച്ഛൻ കുഴിച്ചിട്ട ഭ്രൂണ അവശിഷ്ടങ്ങളടക്കമുള്ള പ്രധാന തെളിവുകളും കണ്ടെത്തി. എന്നാൽ പതിനാറുകാരിയുടെ ഗർഭച്ഛിദ്രം നടത്തിയ വിവരം മറച്ചുവച്ച ‍ഡോക്ടർമാർക്കെതിരെ ഇതുവരെയും പൊലീസ് കേസെടുത്തില്ല. ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിനെ തുടർന്നാണ് ജുവനൈൽ ജസ്റ്റിസ് ചെയർമാനും ജില്ലാ ജഡ്ജിമായ എസ്.എച്ച് പഞ്ചാപകേശൻ നീലേശ്വരം സിഐക്ക് കാരണം കാണിക്കൽ നോട്ടീസയച്ചത്.  

പോക്സോ നിയമം 21.1 പ്രകാരം പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായിട്ടും പൊലീസിൽ അറിയിക്കാതിരുന്ന ഡോക്ടർമാരുടെ നടപടി ക്രിമിനൽ കുറ്റമാണെന്ന് നോട്ടീസിൽ പറയുന്നു. ഇതുവരെ ഡോക്ർമാർക്കെതിരെ കേസെടുക്കാത്തത് ഗുരുതര കൃത്യവിലോപവും പോക്സോ നിയമപ്രകാരം കുറ്റകരവുമാണ്. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് നീലേശ്വരം സിഐക്ക് നോട്ടീസയച്ചത്. ഡോക്ടറെ ഒരു തവണ ചോദ്യം ചെയ്തെങ്കിലും കേസെടുക്കാൻ തക്ക തെളിവുകൾ കിട്ടിയിട്ടില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.