Asianet News MalayalamAsianet News Malayalam

പിജി ഡോക്ടര്‍മാരുമായുള്ള ചര്‍ച്ച വിജയകരം; സ്റ്റൈപ്പൻഡ് കൂട്ടാൻ നടപടിയെന്ന് സർക്കാർ; ജോലിഭാരം കുറയ്ക്കും

 ജോലിഭാരം കൂടുന്നുവെന്ന പരാതി പരിഹരിക്കുന്നതിന് പിജി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാത്ത രീതിയിലുള്ള പദ്ധതി തയ്യാറാക്കും.  മെഡിക്കല്‍ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ വളരെ പ്രാധാന്യം നല്‍കുന്നു. മെഡിക്കല്‍ കോളേജുകളില്‍ നോണ്‍ കൊവിഡ് ചികിത്സ ശക്തിപ്പെടുത്തി വരുന്നതായും മന്ത്രി പറഞ്ഞു.

negotiation with pg doctors successful govt says move to increase stipend
Author
Thiruvananthapuram, First Published Aug 10, 2021, 10:29 PM IST

തിരുവനന്തപുരം: പിജി ഡോക്ടര്‍മാര്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കല്‍ പിജി. ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജോലിഭാരം കൂടുന്നുവെന്ന പരാതി പരിഹരിക്കുന്നതിന് പിജി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാത്ത രീതിയിലുള്ള പദ്ധതി തയ്യാറാക്കും.  മെഡിക്കല്‍ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ വളരെ പ്രാധാന്യം നല്‍കുന്നു. മെഡിക്കല്‍ കോളേജുകളില്‍ നോണ്‍ കൊവിഡ് ചികിത്സ ശക്തിപ്പെടുത്തി വരുന്നതായും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജുകളുടെ അധികഭാരം കുറയ്ക്കുന്നതിനായി ജില്ലാ, ജനറല്‍ ആശുപത്രികളെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറല്‍ ആശുപത്രികളിലുള്ള ഐ.സി.യു. ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ്. ഈ ഐ.സി.യു.കളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ജില്ലാ, ജനറല്‍ ആശുപത്രികളിലെ ഐ.സി.യു. രോഗികളുടെ ചികിത്സയില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൂടി ഇടപെട്ട് തീരുമാനമെടുക്കാന്‍ സാധിക്കും.

പി.ജി. വിദ്യാര്‍ത്ഥികളുടെ സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ധനകാര്യ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇതില്‍ തീരുമാനമെടുക്കുന്നതാണ്. ഹൗസ് സര്‍ജന്‍മാരുടെ റിസള്‍ട്ട് എത്രയും വേഗം പുറത്ത് വരാനും ശ്രമിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, പി.ജി. ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios