ഭക്ഷണത്തിന് ബുദ്ധിമുട്ടോ സുരക്ഷാ ആശങ്കയോ ഇപ്പോൾ ഇല്ലെങ്കിലും അന്തരീക്ഷത്തിലെ ഓക്സിജൻ്റെ കുറവ് തീർഥാടകരെ വലയ്ക്കുന്നുണ്ട്.

തൃശൂർ: കലാപത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയവരിൽ തൃശ്ശൂർ സ്വദേശികളും. കൈലാസ മാന സരോവർ തീർഥാടനത്തിനായി പോയ വാടാനപ്പള്ളി, എരുമപ്പെട്ടി സ്വദേശികളാണ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ നേപ്പാൾ കലാപത്തെ തുടർന്ന് ചൈന – ടിബറ്റ് അതിർത്തിയിൽ കുടുങ്ങിയത്. കുന്നംകുളം യൂണിറ്റി ആശുപ്രതിയിലെ സീനിയർ ഡോക്ടർ അവിണിപ്പുള്ളി വീട്ടിൽ ഡോ. സുജയ് സിദ്ധാർഥൻ, സുഹൃത്തും വാടാനപ്പള്ളി സ്വദേശിയുമായ അഭിലാഷ് എന്നിവരാണ് ടിബറ്റിലെ ചെറു പട്ടണമായ ദർച്ചനിൽ ഹോട്ടൽ മുറിയിൽ കുടുങ്ങിക്കിടക്കുന്നത്.

കഴിഞ്ഞ രണ്ടാം തീയതി കൈലാസത്തിലെത്തിയ ഇരുവരും കൈലാസ പരിക്രമ കഴിഞ്ഞ് നേപ്പാൾ വഴി ഇന്ത്യയിലേക്ക് മടങ്ങാനായി തിരിച്ചുപോരുമ്പോഴാണ് നേപ്പാൾ അതിർത്തി അടച്ചതിനെ തുടർന്ന് യാത്ര മുടങ്ങിയത്. ഭക്ഷണത്തിന് ബുദ്ധിമുട്ടോ സുരക്ഷാ ആശങ്കയോ ഇപ്പോൾ ഇല്ലെങ്കിലും അന്തരീക്ഷത്തിലെ ഓക്സിജൻ്റെ കുറവ് തീർഥാടകരെ വലയ്ക്കുന്നുണ്ട്. തീർഥാടകരുടെ ബാഹുല്യവും ചെറുപട്ടണത്തിലെ സൗകര്യക്കുറവും ദുരിതമായി മാറുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് ഡോ. സുജയ് ഫോണിൽ പറഞ്ഞു.

ഓക്സിജൻ്റെ കുറവ് പ്രായമായവരെയാണ് കൂടുതലും ബാധിക്കുന്നത്. ഇന്നുകൂടി കഴിയാനുള്ള ഓക്സിജൻ സിലിണ്ടറുകളേ ഉള്ളു എന്നതും വാഹനങ്ങൾ ഓടിത്തുടങ്ങാത്തതും പ്രശ്നമായേക്കും. ശ്വാസതടസ്സം നേരിട്ട ഏതാനും പേർക്ക് താൻ മരുന്നുകൾ നൽകി താൽക്കാലിക പരിഹാരമുണ്ടാക്കി. കൂടുതൽ പേർക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നതിനു പരിഹാരം കാണാൻ സാധിക്കുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.