Asianet News MalayalamAsianet News Malayalam

നേപ്പാൾ വിമാന ദുരന്തം: 3 പേർ മരണപ്പെട്ടത് കേരളത്തിൽ നിന്ന് മടങ്ങവെ; പത്തനംതിട്ടയിലെത്തിയത് സംസ്കാര ചടങ്ങിന്

നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോൻമാവ് സ്വാദേശി മാത്യു ഫിലിപ്പിന്‍റെ സംസ്കാര ചടങ്ങിനാണ് ഇവർ എത്തിയത്

Nepal plane crash 3 dead while returning from Kerala
Author
First Published Jan 15, 2023, 8:09 PM IST

ദില്ലി: നേപ്പാൾ പൊഖാറ വിമാനാപകടത്തിൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണപ്പെട്ടതിൽ മൂന്ന് പേർ കേരളത്തിൽ വന്ന് മടങ്ങുന്നതിനിടെയാണ് വിമാന ദുരന്തം ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവന്ന വിവരം. മൂന്ന് നേപ്പാൾ സ്വദേശികളാണ് കേരളത്തിൽ വന്ന് മടങ്ങുന്നതിനിടെ വിമാന അപകടത്തിൽ മരിച്ചതെന്നാണ് വ്യക്തമായത്. രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിരാണ് കേരളത്തിൽ നിന്ന് മടങ്ങവെ അപകടത്തിൽ മരിച്ചത്. ഇവർ പത്തനംതിട്ടയിലാണ് എത്തിയത്. പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേപ്പാളിൽ നിന്നെത്തിയത് 5 അംഗ സംഘമായിരുന്നു. നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോൻമാവ് സ്വാദേശി മാത്യു ഫിലിപ്പിന്‍റെ സംസ്കാര ചടങ്ങിനാണ് ഇവർ എത്തിയത്. ഇക്കഴിഞ്ഞ വെളളിയാഴ്ച ആണ് സംഘം എത്തിയത്. സംസ്കാരം കഴിഞ്ഞ ശേഷം അന്ന് തന്നെ ഇവർ നേപ്പാളിലേക്ക് മടങ്ങിയിരുന്നു. അപകടവിവരം അറിഞ്ഞതിന് ശേഷം മാത്യു ഫിലിപ്പിന്‍റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വലിയ വേദനയാണ് ഇവർ പങ്കുവച്ചത്.

ക്വാറി കുളത്തിൽ കണ്ണീർ; അമ്പലവയലിൽ വസ്ത്രം അലക്കുന്നതിനിടെ കാൽ തെന്നി ക്വാറി കുളത്തിൽ വീണ് വീട്ടമ്മ മരിച്ചു

അതേസമയം അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത് അഞ്ച് ഇന്ത്യക്കാരെന്ന് വ്യക്തമായി. നേപ്പാൾ വ്യോമയാന അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഭിഷേക് കുഷ്വാഹ, ബിശാൽ ശർമ, അനിൽ കുമാർ രാജ്ബാർ, സോനു ജയ്സ്വാൾ, സഞ്ജയ ജയ്സ്വാൾ എന്നിവരാണ് അപകടത്തിൽപ്പെട്ട വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന ഇന്ത്യാക്കാർ. നേപ്പാളിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പതിന‌ഞ്ച് വിദേശകളാണ് അപകടസമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി കാഠ്മണ്ഡുവിലെയും പൊഖ്റയിലെയും ഹെല്‍പ്പ്ലൈന്‍ നന്പറുകളും എംബസി ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം പൊഖാറ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മിക്കവരുടെയും മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. പലരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിൽ 53 നേപ്പാൾ സ്വദേശികളും, അഞ്ച് ഇന്ത്യാക്കാരും, നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകളുമാണ് ഉണ്ടായിരുന്നു എന്നാണ് വ്യക്തമായത്. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. ഇവരെല്ലാം മരിച്ചെന്നാണ് വിവരം.

കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയർന്ന വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തി തീപിടിക്കുകയായിരുന്നു.

 

Follow Us:
Download App:
  • android
  • ios