Asianet News MalayalamAsianet News Malayalam

നെട്ടൂര്‍ കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി

കുമ്പളം മന്നനാട്ട് വീട്ടിൽ വിദ്യന്റെ മകൻ അർജുനെ (20) കൊലപ്പെടുത്തിയ കേസിൽ നിലവിൽ അഞ്ച് പ്രതികൾ ആണുള്ളത്. റോണി, നിപിന്‍, അനന്ദു, അജിത് കുമാര്‍ എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാൾ കൂടി കേസിൽ പ്രതിയാണ്. 

nettoor murder case police requested court to get the accused into custody
Author
Kochi, First Published Jul 13, 2019, 6:35 AM IST

കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ റിമാൻഡിൽ ആയ പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കുമ്പളം മന്നനാട്ട് വീട്ടിൽ വിദ്യന്റെ മകൻ അർജുനെ (20) കൊലപ്പെടുത്തിയ കേസിൽ നിലവിൽ അഞ്ച് പ്രതികൾ ആണുള്ളത്. റോണി, നിപിന്‍, അനന്ദു, അജിത് കുമാര്‍ എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാൾ കൂടി കേസിൽ പ്രതിയാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഒന്നാം പ്രതി നിബിന്റെ സഹോദരൻ എബിന്റെ അപകട മരണത്തിലുണ്ടായ സംശയമാണ് കൊലപാതകത്തിന് പിന്നില്‍. കൊല്ലപ്പെട്ട അർജുനും എബിനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു വർഷം മുൻപ് അർജുനുമൊത്തു ബൈക്കിൽ പോകുന്നതിനിടെ കളമശേരിയിൽ വച്ചുണ്ടായ അപകടത്തിൽ എബിൻ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അർജുൻ മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, ഇത് അപകടമല്ലെന്നും ആസൂത്രിത കൊലപാതമാണെന്നും വിശ്വസിച്ച നിബിൻ ഇതിന് താൻ പ്രതികാരം ചെയ്യുമെന്ന് സുഹ‍ൃത്തുക്കളോടു പറഞ്ഞിരുന്നു. 

തുടർന്ന് ഈ ലക്ഷ്യത്തോടെ അർജുനോടു സൗഹൃദം സ്ഥാപിച്ച നിബിൻ ജൂൺ പത്തിന് പ്രതികളിൽ പ്രായപൂർത്തിയാകാത്ത തന്റെ സുഹൃത്തിനെ വിട്ട് അർജുനെ വിട്ടിൽനിന്നിറക്കി. പെട്രോൾ വാങ്ങാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി അർജുനെ കൂട്ടിക്കൊണ്ടുപോയത്. വഴിയരികിൽ കാത്തുനിന്ന മറ്റ് മൂന്ന് പ്രതികളുടെ അടുത്ത് അർജുനെ എത്തിച്ചശേഷം പ്രായപൂർത്തിയാകാത്ത പ്രതി മടങ്ങി. പിന്നീട് പ്രതികൾ ചേർന്ന് അർജുനെ ബലമായി നെട്ടൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള വിജനമായ പ്രദേശത്തെത്തിക്കുയും കൊലപ്പെടുത്തുകയും ചെയ്തു. 

പട്ടികയും കല്ലും ഉപയോഗിച്ച് മർദിച്ചാണ് അർജുനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ ശേഷം ഉയർന്നു വരാതിരിക്കാൻ മുകളിൽ കല്ലുകളും വേലിയുടെ തൂണും വച്ച ശേഷം മടങ്ങുകയായിരുന്നു. അർജുനെ കാണാതായതിന്റെ പിറ്റേന്ന് തന്നെ പിതാവ് വിദ്യൻ നിബിനെ അടക്കമുള്ള പ്രതികളെ സംശയമുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തെങ്കിലും പെട്രോൾ വാങ്ങിയ ശേഷം അർജുൻ മടങ്ങിയെന്നും പിന്നീട് കണ്ടിട്ടില്ലെന്നും മൊഴി നൽകി. ഇതേ തുടർന്ന് പ്രതികളെ വിട്ടയച്ചെങ്കിലും പിന്നീട് സംശയം തോന്നി വീണ്ടും കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു. 


 

Follow Us:
Download App:
  • android
  • ios