കൊച്ചി: അപൂര്‍വ്വരോഗം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിനെ ഇന്ന് എം ആര്‍ ഐ സ്കാനിംഗിന് വിധേയമാക്കും. ഇതിന് ശേഷമാകും തുടര്‍ ചികിത്സ സംബന്ധിച്ച് തീരുമാനിക്കുക. മുലപ്പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന രോഗമാണ് കുട്ടിക്ക്. പാലക്കാട് സ്വദേശികളായ സ്വനൂപിന്‍റെയും ഷംസിയുടേയും 39 ദിവസം പ്രായമായ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നാണ് എറണാകുളത്തേക്ക് എത്തിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

അപൂർവ്വ രോഗം ബാധിച്ച നവജാത ശിശുവിനെ വെള്ളിയാഴ്ച രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്.  ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസില്‍ കൊച്ചിയിലെത്തിച്ചത്. കുട്ടിക്കുവേണ്ടി കേരളം ഒരേ മനസാല്‍ വഴിയൊരുക്കുകയായിരുന്നു.

റോഡില്‍ ഗതാഗത തടസമുണ്ടാക്കരുതെന്നും ആംബുലന്‍സിന് പോകാന്‍ മറ്റ് വാഹനങ്ങള്‍ വഴിയൊരുക്കി കൊടുക്കണമെന്നുമുള്ള അറിയിപ്പ് ഏവരും ഏറ്റെടുത്തതോടെ യാത്ര സുഗമമായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും  കുഞ്ഞുമായി വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട ആംബുലന്‍സ് 3 മണിക്കർ എടുത്ത് എട്ടരയോടെ കൊച്ചി അമൃത ആശുപത്രിയിലെത്തുകയായിരുന്നു.