Asianet News MalayalamAsianet News Malayalam

'അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം'; പള്ളിവളപ്പിൽ ഉപേക്ഷിച്ച നിലയിൽ പിഞ്ചുകുഞ്ഞ്

2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും പൊക്കിള്‍കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും അധികൃതര്‍ പറഞ്ഞു.

new born child found in kozhikode
Author
Kozhikode, First Published Oct 29, 2019, 10:20 AM IST

കോഴിക്കോട്: 'അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു' മാങ്കാവ് തിരുവണ്ണൂര്‍ മാനാരിക്കു സമീപം ഇസ്ലാഹിയ പള്ളി പരിസരത്ത് നിന്ന് കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ പൊതിഞ്ഞിരുന്ന പുതപ്പിനുള്ളിൽ കണ്ടെത്തിയ കുറിപ്പിൽ എഴുതിയിരുന്ന വരികളാണിത്.

ഇന്നലെ രാവിലെ എട്ടരയോടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ  ഇസ്ലാഹിയ പള്ളി പരിസരത്ത് നിന്ന് കണ്ടെത്തിയത്. പള്ളിയുടെ പടികളിൽ ചെരിപ്പുകൾ സൂക്ഷിക്കുന്നിടത്തായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ മദ്രസ കഴിഞ്ഞ് കുട്ടികള്‍ പോയപ്പോൾ കുഞ്ഞിനെ പ്രദേശത്ത് കണ്ടിരുന്നില്ല. പിന്നീട് 8.30യോടെ പള്ളി പരസത്തുള്ള സ്‌കൂളിലേക്ക് എത്തിയ വിദ്യാർത്ഥികളാണ് കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്.

'ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്. നിങ്ങൾ ഇതിനെ സ്വീകരിക്കണം. ഈ കുഞ്ഞിന്റെ birth 25-10-2019. ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. ഈ കുഞ്ഞിനെ കിട്ടുന്നവർ ബിസിജിയും പോളിയോ വാക്‌സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്‌സിനും കൊടുക്കണം'-എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്.

പള്ളി അധികൃതർ അറിയിച്ചതിനെ തുടർന്ന്  വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. ശേഷം കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും പൊക്കിള്‍കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും അധികൃതര്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios