Asianet News MalayalamAsianet News Malayalam

Dileep Case : 'തന്നെ കൈവച്ച എസ്പി സോജന്‍റെ കൈ വെട്ടും, എ വി ജോർജിനെ കൊല്ലും',ദിലീപ് ഭീഷണി മുഴക്കിയെന്ന് എഫ്ഐആർ

വധഭീഷണി മുഴക്കൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസെടുത്തിരിക്കുന്നത്.

new case against dileep for attempt to murder enquiry team in actress attack case fir out
Author
Thiruvananthapuram, First Published Jan 9, 2022, 4:53 PM IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി (Actress Attack Case) ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ (Dileep) എടുത്ത പുതിയ കേസിന്‍റെ എഫ്ഐആര്‍ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ദിലീപ് ഉൾപ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. ആറാം പ്രതിയുടെ പേര് എഫ്ഐആറില്‍ ഇല്ല. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് പ്രതികൾ ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരൻ. എ വി ജോർജിന്റെ ദൃശ്യങ്ങൾ യു ട്യൂബിൽ കണ്ട ദിലീപ് വധഭീഷണി മുഴക്കിയെന്നും തന്റെ ദേഹത്ത് കൈ വച്ച എസ് പി സുദർശന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബി സന്ധ്യ, സോജൻ, സുദർശൻ, ബൈജു, എ വി ജോർജ് എന്നിവർക്കെതിരെ പ്രതികൾ ഗൂഡാലോചന നടത്തിയെന്നും എഫ്ഐആര്‍ പറയുന്നു.

വധഭീഷണി മുഴക്കൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസെടുത്തിരിക്കുന്നത്. നടൻ ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, അനൂപിന്‍റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേർത്തിട്ടുണ്ട്. അന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐ ജി എ വി ജോർജ് അന്വേഷണസംഘത്തെ നയിച്ച എസ് പിമാരായ സോജൻ, സുദ‍ർശൻ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്‍റെ സാന്നിധ്യത്തിൽ പ്രതികൾ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്ര കുമാറിന്‍റെ മൊഴി. ഇത് സാധൂകരിക്കുന്ന ഓ‍ഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അ‍ടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

നിലവിലെ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ ദിലീപിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യാൻ നിയമതടസമില്ല. ഗൂഡാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാൽ അറസ്റ്റും രേഖപ്പെടുത്താം. വരുന്ന 12 നാണ് വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്ര കുമാറിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഇതുകൂടി കിട്ടിയശേഷം ദിലീപിനെ വിളിച്ചുവരുത്താനായിരുന്നു കഴിഞ്ഞ ദിവസത്തെ അന്വേഷണ സംഘത്തിന്‍റെ യോഗത്തിലെ ധാരണ. എന്നാൽ മുൻകൂർ ജാമ്യം തേടിയോ എഫ്ഐആർ തന്നെ ചോദ്യം ചെയ്തോ കോടതിയെ സമീപിക്കാൻ ദിലീപിന് നിയമതടസമില്ല.

Follow Us:
Download App:
  • android
  • ios