Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ്; 5935 സമ്പർക്ക രോഗികള്‍, 26 മരണം

7699 പേര്‍ക്കാണ് രോഗമുക്തി. 26 പേരാണ് ഇന്ന് രോഗബാധിതരായി മരിച്ചത്. 84087 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 61388 സാമ്പിള്‍ പരിശോധിച്ചു.

new cases and deaths all details related to covid
Author
trivandrum, First Published Nov 5, 2020, 6:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂര്‍ 329, പത്തനംതിട്ട 212, കാസര്‍ഗോഡ് 155, ഇടുക്കി 116, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശ്ശൂര്‍ 880, കോഴിക്കോട് 805, തിരുവനന്തപുരം 596, എറണാകുളം 519, ആലപ്പുഴ 627, മലപ്പുറം 584, കൊല്ലം 516, കോട്ടയം 475, പാലക്കാട് 193, കണ്ണൂര്‍ 240, പത്തനംതിട്ട 166, കാസര്‍ഗോഡ് 146, ഇടുക്കി 84, വയനാട് 104 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് 7 വീതം, കണ്ണൂര്‍ 6, കാസര്‍ഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 622, കൊല്ലം 593, പത്തനംതിട്ട 364, ആലപ്പുഴ 521, കോട്ടയം 480, ഇടുക്കി 113, എറണാകുളം 1288, തൃശൂര്‍ 1032, പാലക്കാട് 324, മലപ്പുറം 853, കോഴിക്കോട് 844, വയനാട് 79, കണ്ണൂര്‍ 546, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,087 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,80,650 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,919 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,568 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,351 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3011 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,22,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ എടാരിക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), ഒതുക്കുങ്ങല്‍ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 9), വെങ്കിടങ്ങ് (6), കോട്ടയം ജില്ലയിലെ തലവാഴം (1), പാമ്പാടി (20), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 7), കുന്നുകര (5), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11, 19, 24), ഇടുക്കി ജില്ലയിലെ ഇടവെട്ടി (1, 11, 13), പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കേരളത്തിൽ രോഗികൾ ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. അതാത് ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 1മുതൽ 10 ശതമാനം വരെ കുറവ് രോഗ നിരക്കിലുണ്ട്. രോഗം കുറയുകയാണോ എന്ന തോന്നൽ ഉണ്ടായേക്കാം. എന്നാൽ അത് അങ്ങനെ അല്ല . മുൻകരുതലുകളിൽ വീഴ്ച വരുത്താനുള്ള സാധ്യതയുണ്ട്. അത് അംഗീകരിക്കാനാകില്ല. ഒരിക്കൽ ഉച്ഛസ്ഥായിലെത്തിയ ശേഷം ആദ്യത്തേക്കാൾ മോശമായ അവസ്ഥയിൽ പടര്‍ന്ന് പിടിക്കുന്ന അവസ്ഥ പൊതുവിലുണ്ട്.

കൊവിഡ് മാറുന്ന ആളുകളിൽ രോഗ സമയത്ത് ഉണ്ടാകുന്ന വിഷമതകൾ മരണകാരണമാകുന്നുണ്ട്. പോസ്റ്റ് കൊവിഡ് സിന്‍ഡ്രം ഉണ്ടാകുന്നുണ്ട്. അവയവങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടും അവശതകളും ദീര്‍ഘകാലം നിലനിൽക്കുന്നത് ചെറുതല്ലാത്ത ഒരു വിഭാഗത്തെ അലട്ടുന്നുണ്ട്. മരണ നിരക്ക് കുറവായത് കൊണ്ട് രോഗത്തെ നിസ്സാര വത്കരിക്കരുത്. ബ്രേക്ക് ദ ചെയിൻ ശക്തമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജനങ്ങൾ പരമാവധി പിന്തുണ നൽകണം. ജീവനാണ് പരമപ്രധാനം.

കൊവിഡ് ബാധിച്ച എണ്ണത്തിന്‍റെ ഇരട്ടിയിലധികം ആളുകളെ മുൻകരുതൽ കാരണം കൊവിഡ് വരാതെ കാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊവിഡ് മുക്തരായവര്‍ക്ക് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട്. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വ്യാഴാഴ്‍ചകളില്‍ പന്ത്രണ്ട് മുതൽ രണ്ട് വരെ ക്ലിനിക്കുകൾ പ്രവര്‍ത്തിക്കും. 50000 തൊഴിലവസരം വിജയകരമായി പിന്നിട്ട കാര്യം അറിയിക്കുന്നു. പ്രഖ്യാപനം നടത്തിയപ്പോൾ പരിഹസിച്ചവരുണ്ട്. 61,290 അവസരങ്ങൾ സൃഷ്ടിച്ചു. അടുത്ത പടിയായി 50,000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും. ഡിസംബര്‍ അവസാനിക്കും മുൻപ് മറ്റൊരു 50000 തൊഴിലവസരങ്ങൾ കൂടി ഉണ്ടാക്കും.  നാലുമാസം കൊണ്ട് ഒരുലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് പദ്ധതി.

കെഫോണും ഇ മൊബിലിറ്റിയും സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികളാണ്. മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുകയാണ്. ഘട്ടം ഘട്ടമായി ഇലക്ട്രിക്ക് വാഹനങ്ങളിറക്കാൻ സമഗ്രമായ നയം ആവിഷ്കരിച്ചിട്ടുണ്ട്. 2025 നകം ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് പദ്ധതി.  51-49% ഓഹരി പങ്കാളിത്തത്തില്‍ ഹെസുമായി ചേർന്ന് ബസുകൾ നിർമിക്കും . നിയമപരമായ പരിശോധനകൾ ഇക്കാര്യത്തിൽ നടന്നുവരികയാണ്. ആവശ്യമായ 3000 ബസ്സുകൾ സംയുക്ത സംരംഭം വഴി നിര്‍മ്മിക്കാനാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്.

സുപ്രധാന പദ്ധതികളെ എങ്ങനെയൊക്കെ തുരങ്കം വക്കാമെന്നാണ് ഒരു കൂട്ടര്‍ ആലോചിക്കുന്നത്. കെ ഫോൺ എന്ന പദ്ധതിയെ അടക്കം അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായി അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നു. അത് ഏറ്റ് പിടിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ചില കേന്ദ്ര ഏജൻസികൾ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാകുമോ എന്ന് കൂടി ആലോചിക്കുന്നു. വിവാദങ്ങൾക്ക് പുറകെ പോകാനൊന്നും ഇല്ല. ഏറ്റെടുത്ത ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിന്ന് ഒരു ശക്തിക്കും പിന്തിരിപ്പിക്കാൻ കഴിയില്ല. ഇത് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ്. നാടിന്‍റെ കുതിപ്പിന് അനുയോജ്യമായ പദ്ധതികളെ നാടുകടത്തി ഹീനമായ രാഷ്ട്രീയം കളിക്കുന്നവരോട് ഒരു കാര്യമേ പറയാനുള്ളു എന്തിനാണ് ഈ പദ്ധതികൾ, നാടിനെന്താണ് ഗുണം എന്ന് മനസിലാക്കാൻ തയ്യാറാകണം എന്നാണ് പറയാനുള്ളത്.

എന്താണ് അന്വേഷണ ഏജൻസിയുടെ കയ്യിലുള്ളത് എന്ന് പറയാനാകില്ല. നിയമ വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ ആ കുടുംബം നിയമപരമായി നേരിടട്ടെ. അന്വേഷണ ഏജൻസിയുടെ കയ്യിൽ എന്തുണ്ട് എന്ന് അറിയാതെ ഒന്നും അക്കാര്യത്തിൽ പറയാനില്ല. ഒരു വ്യക്തിക്കെതിരെ ഒരു ഏജൻസി നടത്തുന്ന അന്വേഷണം ആണ്. അതിൽ ഏജൻസിയുടെ കയ്യിൽ എന്തുണ്ട് ,എന്താണ് നിജസ്ഥിതി എന്നറിയാതെ മുൻകൂര്‍ പ്രവചനം നടത്താനാകില്ല.

സര്‍ക്കാരിന് ഇക്കാര്യത്തിൽ ഒരു ആശങ്കയും ഇല്ല. സംസ്ഥാനത്ത് ചിലര്‍ക്ക് ചില മോഹങ്ങൾ ഉണ്ടാകും. അന്വേഷണ ഏജൻസിക്ക് ചില വിവരങ്ങൾ അറിയാനുണ്ടാകും. അതുകൊണ്ട് അവര്‍ വിളിച്ചിട്ടുണ്ടാകും. വളരെ കാലമായി പരിചയമുള്ള ആളാണ് സിഎം രവീന്ദ്രൻ . പാര്‍ലമെന്‍ററി പാര്‍ട്ടിഓഫീസിൽ പ്രവര്‍ത്തിച്ച് വന്ന ആളാണ്, അന്വേഷണ ഏജൻസി വിളിപ്പിച്ചത് കൊണ്ട് കുറ്റം ചാര്‍ത്തി നൽകേണ്ടതില്ല.

മാവോയിസ്റ്റ് വേട്ട- ഏതെങ്കിലും തരത്തിൽ മാവോയിസ്റ്റായാൽ മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ല. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ വടക്കൻ കേരളത്തിൽ ജാഗ്രത ഏര്‍പ്പെടുത്തിയിരുന്നു. വയനാട്ടിൽ മാവോയിസ്‍റ്റ് സംഘത്തിന്‍റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായി. ആദ്യം വെടി ഉതിര്‍ത്തത് മാവോവാദികളാണ്. മുൻകരുതൽ സ്വീകരിച്ചതിനാൽ പൊലീസിന് ആൾ നാശം ഉണ്ടായില്ല. ആയുധധാരികള്‍ ആയ 5 പേര്‍ സംഘത്തിൽ ഉണ്ടായിരുന്നു. ആത്മരക്ഷാര്‍ത്ഥം ആണ് പൊലീസ് വെടി ഉതിര്‍ത്തത്.

Follow Us:
Download App:
  • android
  • ios