തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ കൺട്രോൾ റൂം വരുന്നു. പണം നൽകിയാൽ 24 മണിക്കൂറും വീടുകളും ഓഫീസുകളുമെല്ലാം പുതിയ കൺട്രോൾ റൂമിലൂടെ നിരീക്ഷിക്കാനാണ് പദ്ധതി. അതേസമയം സമാന്തര നിരീക്ഷണ രീതിക്കെതിരെ സേനക്കുള്ളിൽ എതിർപ്പും ഉയരുന്നുണ്ട്.

സുരക്ഷ ഉറപ്പാക്കാൻ കെൽട്രോണിന് മുൻകൂട്ടി പണം നൽകുന്നവരുടെ സ്ഥാപനങ്ങൾ, വീടുകൾ എന്നിവ സിസിടിവി ക്യാമറകൾ വഴി ഈ മുറിയുമായി ബന്ധിപ്പിക്കും. മോഷണമോ, തീപിടിത്തമോ ഉണ്ടായാൽ സമാന്തര കണ്‍ട്രോള്‍ റൂമിലുള്ള ജീവനക്കാർ പൊലീസിന് വിവരം കൈമാറുകയും ചെയ്യും.

കെൽട്രോണിനാണ് പുതിയ കൺട്രോൾ റൂമിന്‍റെ മേൽനോട്ടം. കെൽട്രോൺ ഉപകരാർ നൽകുന്ന സ്വകാര്യ കമ്പനിയായിരിക്കും കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുകയും, സ്ഥാപനങ്ങളിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യുക. കൺട്രോൾ റൂമിൽ പൊലീസുകാരല്ല, കെൽട്രോൺ നിയോഗിക്കുന്ന ജീവനക്കാരാകും ക്യാമറകൾ നിരീക്ഷിക്കുക. കെൽട്രോണിന് കിട്ടുന്ന പണത്തിന്‍റെ ഒരു വിഹിതം പൊലീസിനും നൽകണമെന്നാണ് വ്യവസ്ഥ.

ഒരു മുതൽമുടക്കുമില്ലാതെ കണ്‍ട്രോള്‍ റൂം സ്ഥാപിക്കാൻ കഴിയുമെന്നതാണ് പൊലീസ് പറയുന്ന നേട്ടം. കുറ്റകൃത്യങ്ങൾ തടയാനാകുന്നതും മറ്റൊരു നേട്ടമായി കാണുന്നു. എന്നാൽ പൊലീസിന്‍റെ ജോലി പുറം കരാർ നൽകുന്നുവെന്നാണ് സമാന്തര കണ്‍ട്രോള്‍ റൂമിനെ എതിർക്കുന്ന സേനയിലെ ഒരു വിഭാഗത്തിന്‍റെ വിമർശനം. പൊലീസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് 24മണിക്കൂറും ഇടം നൽകുന്നത് തന്നെ സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നാണ് മറ്റൊരാക്ഷപം. അടുത്തമാസം പുതിയ കണ്‍ട്രോള്‍ റൂമിന്‍റെ പ്രവർത്തനം തുടങ്ങും.