Asianet News MalayalamAsianet News Malayalam

അഭയ കേസിലെ ഇരയോ സിസ്റ്റർ സ്റ്റെഫി ? സമൂഹമാധ്യമങ്ങളിൽ ചൂട് പിടിച്ച് പുതിയ ച‍ർച്ച

( സമൂഹമാധ്യമങ്ങളിൽ വ്യക്തികൾ രേഖപ്പെടുത്തുന്ന അഭിപ്രായം അവരുടേത് മാത്രമാണ്. ഏഷ്യാനെറ്റ് ന്യൂസിന് ഇതിൽ ഉത്തരവാദിത്തമില്ല)

new controversies in sister abhaya case
Author
തിരുവനന്തപുരം, First Published Jan 2, 2021, 2:03 PM IST

തിരുവനന്തപുരം: 28 വ‍ർഷം നീണ്ട വിവാദങ്ങളും വിവിധ ഏജൻസികളുടേതായി വന്ന പല റൗണ്ട് അന്വേഷണങ്ങൾക്കും ഒടുവിൽ കഴിഞ്ഞ ഡിസംബ‍ർ അവസാന വാരത്തിലാണ് സിസ്റ്റ‍ർ അഭയയുടെ മരണം കൊലപാതകമാണെന്നും കൃത്യം നടത്തിയത് ഫാദ‍ർ തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയുമാണെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്. 

കോടതി വിധിയെ അം​ഗീകരിക്കുകയും കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കേസുകളിൽ ഒന്നിന് അവസാനമായതിൽ അതിനായി പ്രയത്നിച്ചവരെ അനുമോദിക്കുകയുമാണ് പൊതുസമൂഹം ചെയ്തത്. എന്നാൽ ഇതിനിടയിലും അഭയ കേസിൽ അട്ടിമറി നടന്നുവെന്നും നീതി നിഷേധിക്കപ്പെട്ടുവെന്നുമുള്ള വാദം ഒരു വിഭാ​ഗം ശക്തമായ ഉയർത്തുകയാണ്. 

അധാർമ്മികവും അശാസ്ത്രീയവുമായ പരീക്ഷണങ്ങൾക്ക് സിസ്റ്റർ സ്റ്റെഫി ഇരയായി എന്നടക്കം ​ഗൗരവകരമായ ആരോപണമാണ് ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള ച‍ർച്ചയിൽ ഉയർന്നത്. ഫോറൻസിക് സ‍ർജനായ കൃഷ്ണൻ ബാലേന്ദ്രൻ, ഡോ.കുഞ്ഞാലിക്കുട്ടി എന്നിവർ ഇതേക്കുറിച്ച് എഴുതിയ പോസ്റ്റുകളാണ് ഇതിലേറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇവരുടെ വാദത്തെ അനുകൂലിച്ചും എതി‍ർത്തും കൂടുതൽ പേർ രം​ഗത്തു വന്നതോടെ പുതിയ ദിശയിലേക്ക് വിവാദങ്ങൾ നീങ്ങുകയാണ്. 

കൃഷ്ണൻ ബാലേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് - 

"നിരീശ്വരത്വം" വാദിച്ചോണ്ട് നടക്കാത്ത ഒരു നിരീശ്വരവാദിയാണ് ഞാൻ. അതിന് കാരണവും ഉണ്ട്. തെളിവോ (evidence) യുക്തിയോ (logic) ന്യായമോ (reasoning) ഇല്ലാതെ കൊണ്ട് നടക്കുന്ന "ദൈവം" എന്ന ഒരു മനുഷ്യ നിർമ്മിതമായ ആശയത്തെ ഈ ചേരുവകൾ കൊണ്ട് തന്നെ "വാദിച്ച്" നേരിടുക എന്നത് ഒരു നിരർത്ഥകവും നിഷ്ഫലവുമായ പ്രവർത്തിയായത് കൊണ്ടാണ്. പ്രത്യേകിച്ചും ഈ ആശയം കൊണ്ട് നടക്കുന്നവർ അവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ പോലും സന്നദ്ധരാവാത്തവരാണെന്ന ബോധ്യം എനിക്ക് ഉള്ളത് കൊണ്ടാണെന്നും കൂട്ടിക്കോളൂ. 
നോ പ്രോബ്ലം. 

പണ്ടൊക്കെ ഇക്കൂട്ടരുമായി ഇക്കാര്യത്തിൽ സംവാദങ്ങളിലും ചർച്ചകളിലും പങ്കെടുത്ത് എന്റെ സമയം മെനക്കെടുത്തിയിട്ടുമുണ്ട്. ആ മണ്ടത്തരം ഇനി കാട്ടില്ല. Christopher Hitchens പറയും പോലെ "that which can be asserted without evidence, can be dismissed without evidence". ഇക്കാര്യത്തിൽ ഇതാണ് എന്റെയും നിലപാട്. 
വിശ്വസിക്കണോ വേണ്ടയോ എന്നുള്ളത് ഒരു personal choice ആണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ദൈവവിശ്വാസിക്ക് ആ വിശ്വാസം എന്തെങ്കിലും സന്തോഷമോ ധൈര്യമോ കരുത്തോ നൽകുന്നുണ്ടെങ്കിൽ അതില്ലാതാക്കാൻ ഞാൻ മുതിരില്ല. അതിനെതിരെ വാദിക്കാനും വരുന്നില്ല. അത് കൊണ്ട്. 

ഈശ്വരവിശ്വാസികളായ അച്ഛനമ്മമാരുടെ മകനാണ്. അങ്ങനെയാണ് വളർത്തിയതും വളർന്നതും. അഞ്ച് വയസ്സ് തികയും മുമ്പ് ഒരു ക്രിസ്ത്യൻ കോൺവെന്റ് ബോർഡിങ്ങ് സ്കൂളിലാണ് എന്നേ ചേർത്തത്. അതിഭീകരമായ പീഡനമേറ്റ് തലയിൽ മുൾക്കിരീടമൊക്കെ അണിഞ്ഞ് കൈകളിലും കാലുകളിലും ആണിയടിച്ച നിലയിൽ ഒരു കുരിശിൽ തൂങ്ങി ചോരയൊലിച്ച് നിൽക്കുന്ന മനുഷ്യരൂപമാണ് ബോർഡിങ്ങിലെ ചാപ്പലിലും മിക്ക ഭിത്തികളിലും. അത് കണ്ട് ഭയന്നതിനേക്കാൾ എനിക്ക് അന്ന് കഠിനമായത് അമ്മയേ പിരിഞ്ഞിരിക്കുന്ന വിഷമമയായിരുന്നു. 
കുരിശിൽ തൂങ്ങി നിന്നയാളേ മരണം കഴിഞ്ഞ് ഇറക്കി കിടത്തയത് അദ്ദേഹത്തിന്റെ അമ്മയുടെ മടിയിലേക്കായത് കൊണ്ടാവും, (അങ്ങനേം ചില പടങ്ങളുണ്ടായിരുന്നു) ഈ ഭയത്തിന്റെയും വിഷമത്തിന്റെയും ഒടുവിൽ ഒരു ആശ്വാസം കണ്ടെത്തിയിരുന്നത്. അങ്ങനേലും അമ്മേടെ അടുത്ത് എത്തിയല്ലോന്നൊര് ആശ്വാസം. 
A painful relief, but relief nevertheless. 
==================================

സിസ്റ്റർ അഭയ കേസ്സിന്റെ വിധി വന്നതിന് ശേഷം ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് എനിക്ക് ബോധ്യമുണ്ടെന്ന് ഞാൻ പറയുന്നത് എന്റെ പ്രവർത്തിമണ്ഡലമായ forensic medicine എന്ന വിഷയത്തേ ആസ്പദമാക്കിയാണ്. 
ഈ കേസിന്റെ വിധി നിർണ്ണയിക്കുവാൻ ഉപയോഗിച്ച വൈദ്യശാസ്ത്രപരമായ തെളിവുകൾ (Medical documents of evidentiary value) രണ്ടെണ്ണം ആയിരുന്നു.

അവ രണ്ടും രണ്ട് കന്യാസ്ത്രീകളുടെ ദേഹപരിശോധനകളേ തുടർന്നുള്ള റിപ്പോർട്ടുകളായിരുന്നു. ഒന്ന് മരിച്ച് പോയ ഒരാളുടേതും അടുത്തത് ജീവിച്ചിരിക്കുന്ന (?) ഒരാളുടേതും...

തെളിച്ച് പറഞ്ഞാൽ, ഒന്ന് സിസ്റ്റർ അഭയയുടെ മൃതശരീരത്തിൽ നടത്തിയ പൊസ്റ്റുമോർട്ടം പരിശോധനയുടെ റിപ്പോർട്ടും, അടുത്തത്, സിസ്റ്റർ സെഫിയുടെ ശരീരത്തിൽ, എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും എനിക്ക് ഇപ്പോഴും അറിയാത്ത, ഒരു പരിശോധനയുടെ റിപ്പോർട്ടും. 

ആദ്യം സിസ്റ്റർ അഭയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്മേലുള്ള "expert" മൊഴികൾ 
-----------------------------------------------------------
പരേതയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളേപ്പറ്റി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനേക്കാൾ വിശ്വാസീയത മൃതദേഹം ഫോട്ടോയെടുത്ത ഫൊട്ടോഗ്രാഫറുടെ മൊഴിയിലാണ് എന്ന് പറയുന്ന ഒരു കോടതി വിധിയാണിത്. എന്നാൽ കോടതിയിൽ ഹാജരാക്കപ്പെട്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലോ ഫോട്ടോകളിലൊ ഒന്നും മൊഴിയിൽ പറയുന്ന മുറിവുകൾ ഇല്ലെങ്കിൽ പോലും കോടതിക്ക് വിശ്വാസം അയാളേയാണ്. കോടതി അലക്ഷ്യം എന്ന ഒരു damocles sword  തലയ്ക്ക് മേലുള്ളത് കൊണ്ട് ഇക്കാര്യത്തിൽ ഇതിനപ്പുറം ഒന്നും പറയാൻ നിർവ്വാഹമില്ല. 

എന്നാലും ചിലത് പറയാതെ വയ്യാ.. 

വിധിയിൽ എടുത്ത് പറയുന്ന Dr. കന്തസാമിയുടെ  medical depositionൽ നിർണ്ണായയകമായി തീർന്നവ തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനും കഴിയും എന്നതും മറ്റൊരു കാര്യം (അക്കാര്യം വേറേ ഒരു പോസ്റ്റിൽ എഴുതാം). 
എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. വിധി വായിച്ചതിൽ നിന്നും അതിൽ രണ്ട് ഡോക്ടർമാരും പറഞ്ഞിരിക്കുന്ന conclusions കളിൽ മിക്കതും, പ്രത്യേകിച്ചും injury interpretation ന്റെ കാര്യത്തിൽ, തീർത്തും അശാസ്ത്രീയവും, ചിലതൊക്കെ അപ്പാടെ തെറ്റുകളുമാണ്.  ശാസ്ത്രീയതയുടെ അളവ് കോലുകൾ പോയിട്ട് സാമാന്യ ബുദ്ധിയുടെ പരിശോധനകളിൽ പോലും നിലനിൽക്കാത്തവയാണ്. The medical conclusions drawn by the experts with regards to the interpretations of the injuries are either unscientific, or even wrong. Forget scientific scrutiny, they don't even stand the scrutiny of medical common sense. 

ഇനി, സിസ്റ്റർ സെഫിയുടെ ശരീരത്തിൽ എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും നിശ്ചയമില്ലാത്ത റിപ്പോർട്ടും അതിന്മേലുള്ള depositionഉം 
----------------------------------------------------------
അതിലേക്ക് വരും മുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയണം. "ശാസ്ത്രീയ" കുറ്റാന്വേഷണ രീതികളെന്ന് അറിയപ്പെടുന്ന മൂന്ന് കാര്യങ്ങളാണ് നുണപരിശോധന (polygraph test), Brain fingerprinting (അതിന്റെ മലയാളം എന്തുവാന്ന് എനിക്കറിയില്ല), പിന്നെ narco analysis. 

ഇവ മൂന്നിനേ പറ്റിയും വെവ്വേറെ പോസ്റ്റുകൾ ഇടാം. അല്ലെങ്കിൽ ഈ എഴുതുന്നത് വല്ലാതെ നീണ്ട് പോകും. ക്ഷമിക്കുക. 
ഇതിൽ ആദ്യം പറഞ്ഞ രണ്ട് പരിശോധനകളും objective (വസ്‌തുനിഷ്‌ഠമായ) recordings ഉള്ള പരിശോധനകളാണ്. അവയുടെ വാലിഡിറ്റിയും റിലയബിലിറ്റിയും വേറേ കാര്യങ്ങളാണെങ്കിലും narco analysis എന്ന ഭാവനാത്മകത നിറഞ്ഞ (subjectivity) പരിശോധനകളേക്കാളും inter observer variance കുറവുള്ള പരിശോധനകളാണ്. സത്യം കണ്ടെത്തുന്ന Positive utilityയേക്കാളും നുണ പറയുകയല്ല എന്ന negative result കളാണ് ഇവയേ കൊണ്ട് (polygraph, Brain fingerprinting) ഉപയോഗമുള്ളതെന്ന് ചുരുക്കം. 

Narco പരിശോധനക്ക് വിധേയയാകുന്നതിന് മുമ്പ് സിസ്റ്റർ സെഫി CBI ആവശ്യപ്പെട്ടത് പ്രകാരം ഈ രണ്ട് പരിശോധനകളിലൂടെയും കടന്ന് പോയിരുന്നു. ഈ രണ്ട് പരിശോധനകളിലും അവരേ അവർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധിപ്പിക്കുവാനുള്ള യാതൈന്നും കിട്ടിയിരുന്നില്ല. അതിലും മതി വരാഞ്ഞിട്ടാണ് CBI ആവശ്യപ്പെട്ടത് കാരണം അവർ narco analysis എന്ന പരിശോധനയ്ക്ക് വിധേയയായത്. 

നിരന്തരമായ കട്ടിങ്ങിനും എഡിറ്റിങ്ങിനും ശേഷം പോലും (അങ്ങനെ ചെയ്യുന്നതിലൂടെ narco analysis ന്റെ utility അപ്പാടെ തീരുമെങ്കിലും) അതിന്റെ edited ഭാഗങ്ങൾ പൊതു മണ്ഡലത്തിൽ മാധ്യമങ്ങളിലൂടെ ലീക്ക് ചെയ്ത് അവരെ ഒരു കൊടും കുറ്റവാളിയാക്കി ചിത്രീകരിച്ച് തെറ്റായ ഒരു പൊതു ബോധം നിർമ്മിച്ച് എടുക്കാൻ സാധിച്ചു എന്നത് എടുത്തു പറയുന്നു. 
അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി CBI ആവശ്യപ്പെട്ടത് പ്രകാരം അവർ ഏറ്റവും ബ്രൂട്ടലും ഇൻഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ virginity test എന്ന പരിശോധനയ്ക്കും സ്വയം വിധേയായി. അവർ അതിനും സമ്മതിച്ചു. 

കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു civilized societyയുള്ള ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ, സ്വന്തം virginity സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തിൽ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. 
തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine നെ ആയിരുന്നു. ഒരു forensic examinationലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. 
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു "വിദഗ്ദ്ധ" ടീമായിരുന്നു അവരെ പരിശോധിച്ചിരൂന്നത്. 

പരിശോധനയിൽ അവരുടെ കന്യാചർമ്മം (hymen) കേടുപാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോൾ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു. ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്. 

MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേ പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം. 

നിയമത്തിൽ ഒരു expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തിൽ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill amd experience). ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരേം കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേർക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു. 

ഓർക്കണം,  സിസ്റ്റർ സെഫി ഒരു Virgin ആണെങ്കിൽ, അവരുടെ hymen intact ആണെങ്കിൽ പിന്നെ അഭയ "കൊല" കേസ് ഇല്ല. "കൊലപാതക" ത്തിന്റെ motive (പ്രേരണ) നമ്മളേ എല്ലാവരേയും already പഠിപ്പിച്ച് വച്ചിരിക്കുകയാണ്, courtesy leaked narco analysis video വഴി !!! 

ഒരു വാദത്തിന് വേണ്ടി  Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം. 
നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ച്ത് എന്റെ വിഷയമായ Forensic Medicineനേ ആയിരുന്നു. 

ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായം (Opinion) നേ ഒരു fact ആയി പൊതു മണ്ഡലത്തിൽ ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു. 
ഈ കോടതി വിധി വരുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ഈ നാട്ടിലെ ജനങ്ങൾ ഈ കാര്യങ്ങൾ ഒക്കെ എന്നേ ഉറപ്പിച്ച് കഴിഞ്ഞിരുന്നു. 

അതല്ലേ സത്യം? പറയൂ…. 
==================================

ആദ്യം പറഞ്ഞിടത്ത് തന്നെ വരാം. ഞാൻ ഒരൂ നാസ്തികനാണ്. എന്നേ ദൈവം അനുഗ്രഹിക്കും എന്നേക്കെ ആശിർവദിക്കുന്നവരോടും, നീതി ബോധമുള്ള നിരീശ്വരവാദി എന്നേക്കെ വിളിക്കുമ്പോഴും ഞാനോരു കാര്യം അടിവരയിട്ട് പറയാം. "പാപികളായ ഞങ്ങൾക്ക് വേണ്ടി" മരിച്ച രക്ഷകനോട് പ്രാർത്ഥിക്കുന്നവരും അല്ലാത്തവരുമായ എല്ലാ വിശ്വാസികളോടുമാണ് പറയുന്നത്. 

മനസ്സിൽ പാപബോധവും പേറി, നരകത്തിൽ നിന്ന് രക്ഷയും പുനർജന്മങളിൽ നിന്ന് മോക്ഷവും,  ഇഹലോകവാസം കഴിഞ്ഞ് ദൈവത്തോടൊപ്പം സ്വർഗ്ഗത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന ഒരു വിശ്വാസിയുടെ നീതിബോധമോ ധർമ്മബോധമോ അല്ല എന്റേത്. 

അത് വെറും മനുഷ്യരിലുള്ള വിശ്വാസം മാത്രമാണ്. ഒരു "ചെറിയ വല്യ" ബോധം. അത്രേയൊള്ളു.  "മനുഷ്യൻ"... ആ വാക്ക് പറഞ്ഞപ്പോഴാണ് ഒരു കാര്യം കൂടി പറയണം എന്ന് തോന്നിയത്. മനുഷ്യനേ മറ്റ് മൃഗങ്ങളിൽ നിന്ന് വേറിട്ട് നിറുത്തുന്നത് അവന്റെ തലച്ചോറാണ്. അവന്റെ brain. നമ്മുടെയൊക്കെ ഈ brainന് ഒരു കഴിവുണ്ട്. അത് ഓരോന്ന് സങ്കല്പിക്കാനുള്ള കഴിവാണ്. 

അത് കൊണ്ട് ഞാനൊരു കാര്യം മനുഷ്യരോട് ആവശ്യപ്പെടുന്നു. സന്നദ്ധമാണെങ്കിൽ ഒന്ന് ശ്രമിച്ച് നോക്കൂ... തയ്യാറെങ്കിൽ മാത്രം. ഉറച്ച് പോയ അഭിപ്രായങ്ങളല്ലേ… വർഷങ്ങളായി അങ്ങനെ ധരിച്ച് പോയതല്ലേ… അത് കൊണ്ട് ബുദ്ധിമുട്ടായിരിക്കും. എന്നാലും നമ്മൾ ഒക്കെ മനുഷ്യരല്ലേ…മനുഷ്യർക്ക് മാത്രം ലഭ്യമായ ആ human ability ഒന്ന് ഉപയോഗിച്ച് നോക്കുവാൻ അപേക്ഷിക്കുന്നു. അതിനി എത്ര ബുദ്ധിമുട്ടായാലും. 

ഒരു നിമിഷത്തേക്ക്… വെറും ഒരു fleeting momentലേക്ക്… 
നിങ്ങളെന്ന മനുഷ്യന് ഒന്ന് സങ്കൽപ്പിച്ച് നോക്കാൻ കഴിയുമോ… just ഒരു നിമിഷത്തേക്ക് മാത്രം.  
സിസ്റ്റർ സെഫി ഒരു നിരപരാധിയാണെന്ന്…? 

Take your time. 
Imagine she is innocent. 

പറ്റിയോ? 

പറ്റിയെങ്കിൽ മാത്രം… 
ഇനി ഒരു നിമിഷത്തേക്ക് കൂടി. 
ഒന്ന് കൂടി… 
ഒരു കാര്യം കൂടി ഒന്ന് സങ്കൽപ്പിക്കു… 
നമ്മൾ എന്താണ് അവരോട് ചെയതത്? 
കഴിഞ്ഞ് പന്ത്രണ്ട് വർഷമായി 
അവർ എങ്ങനെ ജീവിതം കഴിച്ച് കൂട്ടി എന്ന്? 
അവർ എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്യാത്തത് എന്ന്? 

സിസ്റ്റർ സെഫിയുടെ ഒരുമാതിരി എല്ലാ video footagesലും കാണുന്ന ഒരു ഇമേജ് ഉണ്ട്. അവരുടെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒരു holy crossൽ എപ്പോഴും അവർ മുത്തം വെച്ച് കൊണ്ടേയിരിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ച് ആ brutal examination ന് അവർ വിധേയയായി കിടന്നിരുന്നപ്പോഴും അവർ ആ കുരിശ്ശിൽ അമർത്തി മുത്തം വച്ചാണ് കിടന്നിരുന്നതെന്ന് ഞാൻ കേട്ടറിഞ്ഞിട്ടണ്ട്. 

ആ മുത്തത്തിൽ അമർന്നിരിക്കുന്നത് അവരുടെ ജീവിതം മാത്രമല്ല. അവരുടെ വിശ്വാസം കൂടിയാണ്. ക്രിസ്തുമത വിശ്വാസത്തിൽ ഏറ്റവും വല്യ പാപമെന്ന ആത്മഹത്യയിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് അവരുടെ അടിയുറച്ച ദൈവവിശ്വാസമാണ്. 

മേൽപ്പറഞ്ഞ വരിയിൽ രണ്ട് കന്യാസ്ത്രീകളുടെ ജീവിതങ്ങളുണ്ടെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്.  ഒരു നിരീശ്വരവാദിയായ ഞാൻ വിശ്വാസിയുടെ വിശ്വാസത്തെ അംഗീകരിക്കുന്നു,വീണ്ടും പറയുന്നു.വിശ്വസിക്കണോ വേണ്ടയോ എന്നുള്ളത് ഒരു personal choice ആണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. 

ഒരു ദൈവവിശ്വാസിക്ക് ആ വിശ്വാസം എന്തെങ്കിലും സന്തോഷമോ ധൈര്യമോ കരുത്തോ നൽകുന്നുണ്ടെങ്കിൽ അതില്ലാതാക്കാൻ ഞാൻ മുതിരില്ല. അതിനെതിരെ വാദിക്കാനും വരുന്നില്ല. കാരണം അത് ഒരു നിസ്സഹായ ആയ ഒരു സ്ത്രീയേ… ഒരു മനുഷ്യ സ്ത്രീയുടെ പ്രാണനേ നിലനിർത്തുന്നു. അവരുടെ വിശ്വാസത്തെ അംഗീകരിക്കുന്നു.

ഒരു നല്ല വർഷം കടന്ന് വരട്ടെ…. 
എല്ലാവർക്കും നല്ലത് വരട്ടെ.


കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് - 

എക്സ്പെർട്ട് വിറ്റ്നസ് 

കോടതികളിൽ വരുന്ന കേസുകളിൽ, പ്രത്യേകിച്ചും സാങ്കേതികവൈദഗ്ധ്യമോ ഏതെങ്കിലും പ്രത്യേക മെഡിക്കൽ ഫീൽഡിലെ അറിവോ ഒക്കെ കേസ് തീരുമാനിക്കുന്നതിൽ ഘടകമാവുന്ന തരം കേസുകളിൽ കോടതിയെ സഹായിക്കുന്ന ആളുകളാണ് എക്സ്പെർട്ട് വിറ്റ്നസ് എന്ന് അറിയപ്പെടുന്നത്. കോമൺ വിറ്റ്നസും എക്സ്പെർട്ട് വിറ്റ്നസും തമ്മിലുള്ള വ്യത്യാസമെന്തെന്നാൽ, കോമൺ വിറ്റ്നസ് ഫാക്ടുകൾ മാത്രം കോടതി മുൻപാകെ ബോധിപ്പിക്കുമ്പോൾ എക്സ്പെർട്ട് വിറ്റ്നസുകൾ ആ ഫാക്ടുകളെ തങ്ങളുടെ പരിചയത്തിന്റെയും അനുഭവജ്ഞാനത്തിന്റെയും വെളിച്ചത്തിൽ അനലൈസ് ചെയ്തു അതേപ്പറ്റി അഭിപ്രായം പറയുക കൂടി ചെയ്യുന്നു.

ആരാണ് എക്സ്പെർട്ട് വിറ്റ്നസുകൾ?

തന്റേതായ മേഖലയിൽ നല്ല പ്രവൃത്തിപരിചയവും അനുഭവജ്ഞാനമുള്ളയാളും ആയിരിക്കും എക്സ്പെർട്ട് വിറ്റ്നസ്. ഗവേഷണപരിചയം, ആ മേഖലയിൽ പരിശീലിക്കുന്നവരെ ട്രെയിൻ ചെയ്തുള്ള പരിചയം, ആ മേഖലയിലെ ഏതെങ്കിലും നാഷണൽ/ഇന്റർനാഷണൽ പ്രൊഫഷണൽ ബോഡികളിലെ അംഗത്വം/ഓഫീസ് ബെയറർ, വിഷയത്തിൽ ജേർണൽ പബ്ലിക്കേഷനുകൾ, ടെക്സ്റ്റ് ബുക്കുകൾ എഴുതുന്നത് ഒക്കെ ഒരു എക്സ്പെർട്ട് വിറ്റ്നസിന്റെ ക്രെഡിബിലിറ്റി ഉയർത്തുന്ന ഘടകങ്ങളാണ്.

ആരാണ് എക്സ്പെർട്ട് വിറ്റ്നസുകളെ നിയോഗിക്കുന്നത്?

വാദിയുടെയും ഡിഫൻഡന്റിന്റേയും (പ്രതി എന്ന് മനഃപൂർവ്വം ഉപയോഗിക്കാത്തതാണ്) അഭിഭാഷകരാണ് തങ്ങളുടെ വാദഗതികളെ സാധൂകരിക്കാൻ വേണ്ടി എക്സ്പെർട്ട് വിറ്റ്നസുകളെ നിയോഗിക്കുന്നത്. പക്ഷെ തങ്ങളെ നിയോഗിക്കുന്നവരോടായിരിക്കരുത് തങ്ങളുടെ ഉത്തരവാദിത്തം എന്നതാണ് ഒരു എക്സ്പെർട്ട് വിറ്റ്നസിന്റെ അലിഖിത നിയമം. സത്യസന്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു ശരിയായ തീരുമാനത്തിലെത്താൻ കോടതിയെ സഹായിക്കുക എന്നതാണ് എക്സ്പെർട്ട് വിറ്റ്നസിന്റെ കർത്തവ്യം. മിക്കവാറും കേസുകളിൽ വാദിയുടെയും ഡിഫൻഡന്റിന്റേയും എക്സ്പെർട്ട് വിറ്റ്നസുകൾ മിക്കവാറും കാര്യങ്ങളിൽ യോജിപ്പിലെത്തും എന്നത് ഈ പ്രക്രിയയിൽ അവരുടെ സത്യസന്ധതയെ ചൂണ്ടിക്കാണിക്കുന്നു. 

എക്സ്പെർട്ട് വിറ്റ്നസ് തെറ്റായ വിവരങ്ങൾ നൽകാറില്ലേ? 

അപൂർവ്വമായിട്ടെങ്കിലും ഇത്തരക്കാരുണ്ട്. ഒരു 'hired gun' ആയി പ്രവർത്തിക്കുന്ന, സത്യത്തെ വളച്ചൊടിക്കുന്ന എക്സ്പെർട്ട് വിറ്റ്നസുകൾ, മതിയായ യോഗ്യതകളും പ്രവൃത്തിപരിചയവും ഇല്ലെങ്കിലും സ്വയം 'എക്സ്പെർട്ട്' ആയി പ്രഖ്യാപിച്ചു കേസുകൾ ഏറ്റെടുത്തു അഭിപ്രായം പറയുന്നവർ ഒക്കെയുണ്ട്. ഒരു അഭിഭാഷകൻ തന്നെ സമീപിച്ചു എക്സ്പെർട്ട് വിറ്റ്നസ് ആകാമോ എന്ന് അന്വേഷിക്കുമ്പോൾ ആ കേസിൽ അഭിപ്രായം പറയാനുള്ള യോഗ്യതകൾ തനിക്കുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് എക്സ്പെർട്ട് വിറ്റ്നസിന്റെ ചുമതലയാണ്. അതില്ലെങ്കിൽ ആ കേസിൽ എക്സ്പെർട്ട് ആയി പ്രവർത്തിക്കാൻ പാടില്ല.  മതിയായ യോഗ്യതകൾ ഇല്ലാതെയോ, മനഃപൂർവ്വം വസ്തുതകൾ വളച്ചൊടിച്ചോ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന എക്സ്പെർട്ട് വിറ്റ്നസുകൾക്കെതിരെ ശിക്ഷണനടപടികൾ കോടതികൾ കൈക്കൊള്ളാറുണ്ട്. 

ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ, താൻ ജീവിതത്തിലൊരിക്കലും കാണുകയോ ചെയ്യുകയോ ഉണ്ടായിട്ടില്ലാത്ത ഒരു മെഡിക്കൽ പ്രൊസീജ്യറിന്റെ കാര്യത്തിൽ അഭിപ്രായം പറഞ്ഞു സ്വയം 'എക്സ്പെർട്ടുകൾ' ആയി പ്രഖ്യാപിച്ചു, കൊടുത്ത ഒരു റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി വിധിനിർണ്ണയം നടത്തിയ കോടതിയും എക്സ്പെർട്ടുകളും മാസല്ല, മരണ മാസാണ്. 

ഈ റിപ്പോർട്ട് കൊടുക്കാൻ തക്കവണ്ണം എന്ത് യോഗ്യതയാണ് ഈ എക്സ്പെർട്ടുകൾക്ക് എന്ന പ്രതിഭാഗം അഭിഭാഷകന്റെ ഒറ്റ ചോദ്യത്തിൽ തീരേണ്ടതല്ലേ ഈ റിപ്പോർട്ടിന്റെ വാലിഡിറ്റി എന്നാണെന്റെ സംശയം. നിയമമൊക്കെ നേരാംവണ്ണം നടക്കുന്ന രാജ്യങ്ങളിൽ വല്ലതുമായിരുന്നുവെങ്കിൽ ഈ എക്സ്പെർട്ടുകളുടെ മെഡിക്കൽ പ്രാക്ടീസിങ് ലൈസൻസ് ഇതിനകം വെടി തീർന്നേനെ. ചിലപ്പോൾ ഉള്ളേയും ആയേനെ.

"നിരീശ്വരത്വം" വാദിച്ചോണ്ട് നടക്കാത്ത ഒരു നിരീശ്വരവാദിയാണ് ഞാൻ. അതിന് കാരണവും ഉണ്ട്. തെളിവോ (evidence) യുക്തിയോ (logic)...

Posted by Krishnan Balendran on Thursday, 31 December 2020

എക്സ്പെർട്ട് വിറ്റ്നസ് കോടതികളിൽ വരുന്ന കേസുകളിൽ, പ്രത്യേകിച്ചും സാങ്കേതികവൈദഗ്ധ്യമോ ഏതെങ്കിലും പ്രത്യേക മെഡിക്കൽ...

Posted by Kunjaali Kutty on Friday, 1 January 2021
Follow Us:
Download App:
  • android
  • ios