ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലേക്ക് ബിജെപി പുറത്തുനിന്നും വോട്ടു ചേര്‍ത്ത വിവാദത്തിന്‍റെ ചൂടാറും മുമ്പാണ് വീണ്ടും സുരേഷ് ഗോപിയുടെ വോട്ട് ഇടതുമുന്നണിയും കോണ്‍ഗ്രസും ആയുധമാക്കുന്നത്.

തൃശ്ശൂർ : തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനെച്ചൊല്ലി തൃശൂരില്‍ വിവാദം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ് ഗോപി ഇപ്പോള്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തതെങ്ങനെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാർ ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ട് വോട്ടര്‍ പട്ടികയെന്നായിരുന്നു ബിജെപിയുടെ മറുപടി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലേക്ക് ബിജെപി പുറത്തുനിന്നും വോട്ടു ചേര്‍ത്ത വിവാദത്തിന്‍റെ ചൂടാറും മുമ്പാണ് വീണ്ടും സുരേഷ് ഗോപിയുടെ വോട്ട് ഇടതുമുന്നണിയും കോണ്‍ഗ്രസും ആയുധമാക്കുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ നെട്ടിശേരിയിലെ വിലാസത്തില്‍ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലത്താണ് വോട്ടു ചെയ്തത്. രണ്ടിടത്ത് എങ്ങനെയാണ് വോട്ടുചെയ്തത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സുരേഷ് ഗോപിയും വിശദീകരിക്കണമെന്നായിരുന്നു വിഎസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടത്. 

രണ്ടു സ്ഥലങ്ങളിലും വോട്ടു നിലനിര്‍ത്തുന്ന സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞെന്ന് പരിഹരിച്ച കോണ്‍ഗ്രസ് ധാര്‍മികയുണ്ടെങ്കിലും രാജിവെച്ചൊഴിയാനും വെല്ലുവിളിച്ചു. ചെമ്പെന്ന് കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും മാനസിക വിഭ്രാന്തിയാണെന്നായിരുന്നു ബിജെപിയുടെ മറുപടി.